എയർലൈൻ ജീവനക്കാരൻ അബദ്ധത്തിൽ കോൾ ഒരു തട്ടിപ്പുകാരന് കൈമാറിയതിന് പിന്നാലെ യാത്രക്കാരന് 17,000 ഡോളർ നഷ്ടമായി

By: 600110 On: Aug 27, 2025, 9:24 AM

 

എയർലൈൻ ജീവനക്കാരൻ അബദ്ധത്തിൽ കോൾ ഒരു തട്ടിപ്പുകാരന് കൈമാറിയതിന് പിന്നാലെ യാത്രക്കാരന് 17,000 ഡോളർ നഷ്ടമായി. കൊളറാഡോയിൽ നിന്നുള്ള ഡാൻ സ്മോക്കറിനാണ് പണം നഷ്ടമായത്. സഹായത്തിനായി  യുണൈറ്റഡ് എയർലൈൻസ് കസ്റ്റമർ സർവീസിലേക്ക് വിളിച്ചങ്കിലും  ജീവനക്കാരൻ അബദ്ധവശാൽ കോൾ ഒരു തട്ടിപ്പുകാരനിലേക്ക് കൈമാറുകയായിരുന്നു. 

ഡാൻ സ്മോക്കർ ഭാര്യയ്ക്കും കുട്ടികൾക്കും ചില സുഹൃത്തുക്കൾക്കുമൊപ്പം 18 ദിവസത്തെ യൂറോപ്പ് യാത്ര പ്ലാൻ ചെയ്തിരുന്നു. എന്നാൽ ഡെൻവറിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കി. അടുത്ത ദിവസം, സഹായത്തിനായാണ്  അദ്ദേഹം യുണൈറ്റഡ് എയർലൈൻസ് കസ്റ്റമർ സർവീസിലേക്ക് വിളിച്ചത്. മൂന്ന് മണിക്കൂറിലധികം താൻ ഫോണിൽ സംസാരിച്ചിരുന്നുവെന്ന് സ്വന്തം കോൾ ലോഗിൽ നിന്ന് വ്യക്തമായതായി സ്മോക്കർ പറയുന്നു.  എന്നാൽ യുണൈറ്റഡ് എയർലൈൻസ് പ്രതിനിധി പറയുന്നത് 12 മിനിറ്റ് മാത്രമേ സംസാരിച്ചിട്ടുള്ളൂ എന്നാണന്നും സ്മോക്കർ പറഞ്ഞു. എന്നാൽ ഇതിനിടയിൽ എപ്പോഴോ കോൾ തട്ടിപ്പുകാരിലേക്ക് എത്തുകയായിരുന്നു.  

സ്മോക്കറെയും കുടുംബത്തെയും യൂറോപ്പിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ കൊണ്ടുപോകാമെന്ന് തട്ടിപ്പ് സംഘം വാഗ്ദാനം ചെയ്തു. എന്നാൽ ക്രെഡിറ്റ് കാർഡിൽ നിന്ന്  17,000 യുഎസ് ഡോളർ അടയ്ക്കേണ്ടിവരുമെന്നും അത് പിന്നീട് തിരികെ നൽകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.  പണം നഷ്ടമായെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. പിന്നീടാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഈ കേസിൽ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ  സ്മോക്കറുമായി ബന്ധപ്പെട്ടന്നും അന്വേഷണം നടക്കുകയാണെന്നും ന്യായമായ നഷ്ടപരിഹാരം നൽകുമെന്നും യുണൈറ്റഡ് വക്താവ് വ്യക്തമാക്കി.