കാല്‍ഗറിയില്‍ ബ്ലാക്ക് വിഡോ ചിലന്തിയെ കണ്ടെത്തി 

By: 600002 On: Aug 27, 2025, 9:20 AM

 


എയര്‍ഡ്രിയില്‍ ലോറന്‍ ഷ്മിഡ്‌കെ എന്ന യുവതി തന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും അപൂര്‍വ്വമായ ദൃശ്യം പകര്‍ത്തി. ബ്ലാക്ക് വിഡോ ചിലന്തിയുടെ ചിത്രമാണ് ലോറന്‍ പകര്‍ത്തിയത്. ഈ ചിത്രം കണ്ടതിന് ശേഷം ഇത് വെസ്റ്റേണ്‍ ബ്ലാക്ക് വിഡോ എന്ന ചിലന്തിയിനമാണെന്നും ആല്‍ബെര്‍ട്ടയിലെ വിഷമുള്ള ഒരേയൊരു ചിലന്തി ഇനമാണെന്നും ഓള്‍ഡ്‌സ് കോളേജ് എന്റമോളജി ഇന്‍സ്ട്രക്ടര്‍ കെന്‍ ഫ്രൈ സ്ഥിരീകരിച്ചു. ഉഗ്ര വിഷമുള്ള അപകടകാരിയായ ചിലന്തിയാണെന്നും ഇത് മനുഷ്യന് ആപത്തുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കടലയുടെ വലിപ്പം മാത്രമുള്ള ചിലന്തികള്‍ ആല്‍ബെര്‍ട്ടയിലെ വരണ്ട ആവാസ വ്യവസ്ഥകളില്‍ പ്രത്യേകിച്ച് ലെത്ത്ബ്രിഡ്ജ്, മെഡിസിന്‍ ഹാറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.

കാല്‍ഗറിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബ്ലാക്ക് വിഡോ ചിലന്തികള്‍ ചിലപ്പോള്‍ ബോറിയല്‍ കോംബ്ഫൂട്ട് പോലുള്ള സമാനമായ ചിലന്തികളായി തെറ്റിദ്ധരിക്കും. ആല്‍ബെര്‍ട്ടയില്‍ സാധാരണയായി കാണപ്പെടുന്ന ചിലന്തികള്‍ക്ക് മനുഷ്യനെ ഉപദ്രവിക്കാന്‍ തക്ക ശക്തമായ വിഷമില്ലെന്ന് ഫ്രൈ പറയുന്നു. ബ്ലാക്ക് വിഡോയ്ക്ക് മാത്രമാണ് ന്യൂറോടോക്‌സിക് ഫലം ഉളവാക്കുന്ന വിഷമുള്ളതെന്നും ഫ്രൈ വ്യക്തമാക്കി.