ആൽബർട്ടയിൽ വാഹനത്തിൻ്റെ കേടുപാടുകൾ പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വാഹനം ഒരു മൃഗത്തെ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് ഉണ്ടായ കേടുപാടുകൾ പരിശോധിക്കാൻ പുറത്തിറങ്ങിയ യുവാവിനെ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയതായി ആർസിഎംപി അറിയിച്ചു.
റേഞ്ച് റോഡ് 131ന് സമീപമുള്ള ഹൈവേ ഒന്നിലാണ് അപകടം നടന്നത്. സ്ഥലത്തെത്തി പരിശോധന നടത്തിയ ആർസിഎംപിയാണ് മരിച്ച് കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ആൾട്ടയിലെ ആൻഡ്രൂസിൽ താമസിക്കുന്ന 30 വയസ്സുള്ള യുവാവാണ് മരിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും യുവാവിനെ ഇടിച്ചെന്ന് സംശയിക്കുന്ന ഫോക്‌സ്‌വാഗൺ വാഹനത്തിനായി തെരച്ചിൽ ഊർജിതമാക്കിയതായും പോലീസ് പറഞ്ഞു. അന്വേഷണത്തിൽ പൊലീസ് പൊതു ജനങ്ങളുടെ സഹായം തേടുന്നുണ്ട്. അർദ്ധരാത്രി മുതൽ പുലർച്ചെ 4:30 വരെ സമീപത്ത് ഉണ്ടായിരുന്നവർ, എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും, ഡാഷ് ക്യാം ദൃശ്യങ്ങൾ കൈവശമുണ്ടെങ്കിൽ, ദയവായി ബ്രൂക്സ് ആർസിഎംപിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. 403-794-4400 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെയും ബന്ധപ്പെടാവുന്നതാണ്.