'ഭക്ഷണപാനീയങ്ങള്‍ കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കുക'; വിദേശ രാജ്യങ്ങളില്‍ വിനോദയാത്ര പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി കാല്‍ഗറി സ്വദേശിനി 

By: 600002 On: Aug 26, 2025, 9:40 AM

 


ബാലിയില്‍ വിനോദ യാത്രയ്ക്ക് പോയ ആഷ്‌ലി കിംഗ് എന്ന കനേഡിയന്‍ യുവതിയുടെ ജീവിതം ഒരു പാനീയം കുടിച്ചതിനെ തുടര്‍ന്ന് എന്നെന്നേക്കുമായി മാറിമറിഞ്ഞു. 2011 ല്‍ മെഥനോള്‍ കലര്‍ത്തിയ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് മൗണ്ട് റോയല്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും കാല്‍ഗറി സ്വദേശിനിയുമായ ആഷ്‌ലിയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. തനിക്കുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടി ആഷ്‌ലി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.

വ്യാജ മദ്യം കഴിച്ച് പരിണിത ഫലം അനുഭവപ്പെടാന്‍ രണ്ട് ദിവസമെടുത്തുവെന്നും തന്റെ ആരോഗ്യ സ്ഥിതിയുടെ തീവ്രതയെക്കുറിച്ച് പൂര്‍ണമായും അറിയില്ലായിരുന്നുവെന്നും കിംഗ് പറയുന്നു. രണ്ട് ദിവസത്തിന് ശേഷം അവശതകള്‍ അനുഭവപ്പെട്ടു. പിന്നീട് ന്യൂസിലന്‍ഡിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ രക്തപരിശോധന നടത്തുകയും ശരീരത്തില്‍ വലിയ അളവില്‍ മെഥനോള്‍ അടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. ഡോക്ടര്‍മാര്‍ കിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും കാഴ്ച എന്നേന്നേക്കുമായി നഷ്ടപ്പെടുകയായിരുന്നു. 

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം നഷ്ടമായ തന്റെ ജീവിതം തിരിച്ചുപിടിച്ച ആഷ്‌ലി കിംഗ് ലോകവുമായി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. വിനോദ സഞ്ചാരത്തിനായി വിദേശ രാജ്യങ്ങളിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അവിടെ നിന്നും ലഭിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ കഴിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കിംഗ് മുന്നറിയിപ്പ് നല്‍കുന്നു. 

കൂടാതെ, തനിക്കുണ്ടായ ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന പ്രതീക്ഷയോടെ മെഥനോള്‍ വിഷബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി Change.org  യില്‍ പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്.