ആൽബെർട്ട പ്രവിശ്യ എല്ലാ കാലത്തും കാനഡയുടെ ഭാഗമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ, ഫോറെവർ കനേഡിയൻ എന്ന പേരിൽ ഒരു പ്രധാന കാമ്പെയ്‌ന് തുടക്കമിട്ട് മുൻ ആൽബെർട്ട ഡെപ്യൂട്ടി പ്രീമിയർ തോമസ് ലുകാസുക്. ഒരു റഫറണ്ടം ആരംഭിക്കുന്നതിനായിഏകദേശം 300,000 ഒപ്പുകൾ ശേഖരിക്കാനാണ് ലുകാസുക്കിൻ്റെ നീക്കം. ആൽബെർട്ട കനേഡിയൻ കോൺഫെഡറേഷനിൽ നിന്ന് പുറത്ത് വരണമെന്ന ആവശ്യം പ്രവിശ്യയിൽ വളർന്നുവരുന്ന സാഹചര്യത്തിലാണ് പുതിയ ക്യാമ്പയിനുമായി ലുകാസുക് രംഗത്തെത്തിയത്.
കാനഡയെ വിഭജിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വ്യക്തിയാണ് ആൽബെർട്ടയിലെ മുൻ രാഷ്ട്രീയ നേതാവായ തോമസ് ലുകാസുക്ക്. ലുകാസുക്കിൻ്റെ ഫോറെവർ കനേഡിയൻ പ്രോജക്റ്റിന്, 294,000 പേരുകൾ ശേഖരിക്കേണ്ടതുണ്ട്. ഒക്ടോബർ അവസാനിക്കുന്നതിനു മുമ്പ് ആ പേരുകൾ എല്ലാം വേണം. പ്രീമിയർ ഡാനിയേൽ സ്മിത്തിന് ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ലുകാസുക്കിൻ്റെ നീക്കം. ആൽബെർട്ട ശക്തവും സ്വതന്ത്രവുമായി കാനഡയുടെ ഭാഗമായി തുടരണമെന്നാണ് ഡാനിയേൽ സ്മിത്ത് പറയുന്നതെങ്കിലും, ലുകാസുക്കിന്റെ നിവേദനത്തിൽ ഒപ്പിടാനോ പരസ്യമായി പിന്തുണയ്ക്കാനോ അവർ തയ്യാറായിട്ടില്ല. സ്മിത്തിനോട് തൻ്റെ നിവേദനത്തിൽ ഒപ്പിടാൻ ആവശ്യപ്പെടുന്നില്ലെന്ന് ലുകാസുക് പറഞ്ഞു, പക്ഷേ വ്യക്തമായൊരു നിലപാട് സ്വീകരിക്കാൻ അവർ തയ്യാറാകണമെന്നും ലുകാസുക് പറഞ്ഞു. ഒപ്പ് ശേഖരിക്കുന്നതിനായി ഫോറെവർ കനേഡിയൻ ഇതുവരെ 3,000 ത്തോളം വളണ്ടിയർമാരെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിക്കാൻ സഹായിക്കുന്നുവെന്നും ലുകാസുക് പറഞ്ഞു.