ജപ്പാന്റെ ആരോഗ്യ പരിപാലന സംവിധാനം കാനഡയ്ക്കും മാതൃകയാക്കാം എന്ന് SecondStreet.orgയുടെ പ്രസിഡൻ്റായ കോളിൻ ക്രെയ്ഗ്. ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ ഇല്ലെന്നും രോഗികൾക്ക് ഉടനടി ചികിത്സ ലഭിക്കുന്നുവെന്നും ക്രെയ്ഗ് പറഞ്ഞു. പരമാവധി ഒരു മാസത്തിനുള്ളിൽ വിദഗ്ദ്ധ ചികിത്സ ലഭിക്കും. കാനഡയിലെപ്പോലെ സ്പെഷ്യലിസ്റ്റിനെ കാണാൻ ആറ് മാസമോ ശസ്ത്രക്രിയയ്ക്കായി ജപ്പാനിൽ ഒരു വർഷമൊന്നും കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജപ്പാനിലെ സാർവത്രിക സംവിധാനം എല്ലാ രോഗികളെയും ഉൾക്കൊള്ളുന്നതാണ്. ആരോഗ്യ സേവനങ്ങൾ ലഭിച്ചതിന് ശേഷം ആർക്കും വലിയ ബില്ല് നൽകേണ്ടി വരുന്നുമില്ല. കാനഡയ്ക്ക് ജപ്പാനിൽ നിന്ന് എന്ത് പഠിക്കാനാകുമെന്ന് മനസ്സിലാക്കുന്നതിനായി ജപ്പാനിലെ സംവിധാനത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനായി SecondStreet.org, ഈ വർഷം ആദ്യം ജപ്പാൻ സന്ദർശിച്ചിരുന്നു. ഇതിലൂടെ ചില കാര്യങ്ങൾ മനസ്സിലാക്കിയതായും ക്രെയ്ഗ് പറയുന്നു. കൂടുതൽ പേരെ ക്ലിനിക്കുകളും ആശുപത്രികളും തുറക്കാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ രംഗം വിപുലീകരിക്കണം. ജപ്പാനിൽ, ഓരോ തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും നടപടിക്രമങ്ങൾക്കും എത്ര പണം ഈടാക്കണമെന്ന് സർക്കാരാണ് കണക്കാക്കുന്നത്. ഒരു ക്ലിനിക്കോ ആശുപത്രിയോ തുറക്കുന്ന ഏതൊരാൾക്കും, ഓരോ രോഗിയെ ചികിത്സിക്കുമ്പോഴും ആ നിശ്ചിത തുക ലഭിക്കുകയാണ് ചെയ്യുക.