കഴിഞ്ഞ വര്‍ഷം മാനിറ്റോബയില്‍ വാഹനാപകടത്തില്‍ അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റിലായി. ഓഗസ്റ്റ് 21 ന് ടൊറന്റോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 25 വയസ്സുള്ള നവ്ജീത് സിംഗിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
2024 നവംബര്‍ 15 ന് മാനിറ്റോബയിലെ ആള്‍ട്ടോണയ്ക്ക് സമീപം നവ്ജീത് സിംഗ് ഓടിച്ച സെമി-ട്രെയിലര്‍ എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന 35 വയസ്സുള്ള യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. സാരമായി പരുക്കേറ്റ ഇവരുടെ എട്ട് വയസ്സുള്ള മകള്‍ ആശുപത്രിയില്‍ വെച്ചും മരണമടയുകയായിരുന്നു. അപകടകരമായി വാഹനമോടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണമായതിനും കൃത്യനിര്‍വ്വഹണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തിയതിനും സിംഗിനെതിരെ നവംബര്‍ 20 ന് ആര്‍സിഎംപി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ഒന്‍പത് മാസമായി കാനഡയിലുടനീളം ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കാനഡയിലെത്തിയ നവ്ജീത് സിംഗിനെ പീല്‍ റീജിയണല്‍ പോലീസും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പിടികൂടിയത്.