കാനഡയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ലുധിയാനയിലെ ഖന്നയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവാവിനെയാണ് ഓഗസ്റ്റ് 16 ന് വൈകിട്ടാണ് സറെയിലെ ചിമ്മിനി ഹിൽ പാർക്കിലെ ഒരു ഊഞ്ഞാലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികൾ വേഗത്തിൽ ആക്കാൻ യുവാവിൻ്റെ സുഹൃത്തുക്കൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒരു കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ, കനേഡിയൻ അധികാരികളോടും നടപടികൾ വേഗത്തിലാക്കൻ അഭ്യർത്ഥിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ പറയുന്നതനുസരിച്ച്, രാത്രി 10.40 ഓടെ യുവാവ് വീട്ടിൽ നിന്ന് ഇറങ്ങി. പിന്നീട് കാണാതായ വിവരം പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു ടെക്സ്റ്റ് സന്ദേശം അയച്ചു. മണിക്കൂറുകൾക്ക് ശേഷം, ഒരു പാർക്കിൽ നിന്ന് അയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവും സുഹൃത്തുക്കളും അവസാനമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാതാപിതാക്കളുടെ ഏക മകനായ യുവാവ് രണ്ട് വർഷം മുമ്പാണ് പഠന വിസയിൽ കാനഡയിലേക്ക് പോയത്. പഠനം പൂർത്തിയാകാനിരിക്കെ കാർ ലോൺ എടുത്തു. തുടർന്ന് തിരിച്ചടവുമായി ബന്ധപ്പെട്ട് കടുത്ത സമ്മർദ്ദത്തിലാവുകയായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ട്.