ചെലവ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നയത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് ആൽബെർട്ട സർക്കാർ

By: 600110 On: Aug 23, 2025, 12:04 PM

 

നികുതിദായകരിൽ നിന്നും രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യാപകമായ വിമർശനങ്ങൾ ഉയർന്നതിനെത്തുടർന്ന് ചെലവ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട നയത്തിൽ വരുത്തിയ മാറ്റം ആൽബെർട്ട സർക്കാർ പിൻവലിച്ചു. മന്ത്രിമാർ, രാഷ്ട്രീയ ഉദ്യോഗസ്ഥർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ 100 ഡോളറിൽ കൂടുതലുള്ള ചെലവുകളുടെ രസീതുകൾ പരസ്യമായി പോസ്റ്റ് ചെയ്യണമെന്ന നിബന്ധന ഡാനിയേൽ സ്മിത്തിൻ്റെ ഭരണകൂടം നീക്കം ചെയ്തിരുന്നു. എന്നാൽ ഇത് സർക്കാരിൻ്റെ സുതാര്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. 

പഴയ നിയമങ്ങൾ പുനഃസ്ഥാപിക്കുമെന്നും ഡിലീറ്റ് ചെയ്ത എട്ട് വർഷത്തെ ചെലവ് രസീതുകൾ വെബ്‌സൈറ്റിൽ വീണ്ടും അപ്‌ലോഡ് ചെയ്യുമെന്നും സർക്കാർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ സുരക്ഷ സംരക്ഷിക്കുന്നതിനായി ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഹോട്ടൽ വിലാസങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ നീക്കം ചെയ്യുമെന്നും ധനമന്ത്രി നേറ്റ് ഹോർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ അംഗമായ ക്രിസ് സിംസ് ഈ മാറ്റത്തെ സ്വാഗതം ചെയ്തു. നികുതിദായകരുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്ന് അറിയാൻ ജനങ്ങൾക്ക് അർഹതയുണ്ടെന്ന് സിംസ് പറഞ്ഞു. സർക്കാരിൻ്റെ മാറിക്കൊണ്ടിരിക്കുന്ന വിശദീകരണങ്ങളിൽ വിശ്വാസ്യതയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് നഹീദ് നെൻഷിയുടെ പ്രതികരണം. ഇക്കാര്യത്തിൽ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രിയുടെ നിലപാടിൽ ആശങ്കകൾ പ്രകടിപ്പിച്ച് മുൻ യുസിപി ഇൻഫ്രാസ്ട്രക്ചർ മന്ത്രി പീറ്റർ ഗുത്രിയും രംഗത്തെത്തി.