നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പരിഹാരത്തിനായി കാനഡ റവന്യൂ ഏജൻസിയെ (CRA) ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന പരാതി ശക്തമാകുന്നു. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ഫെഡറൽ സർക്കാരിനോട് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനും ആവശ്യപ്പെട്ടു.
രണ്ടാഴ്ചയോളം CRAയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്ന് ഒൻ്റാരിയോ സ്വദേശിനിയായ ക്രിസ്റ്റ ടക്കർ പറഞ്ഞു. വേണ്ടത്ര തൊഴിലാളികളുടെ കുറവാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. 2024 മെയ് മുതൽ ഏകദേശം 3,300 കോൾ സെൻ്റർ ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് CRA തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് പറയുന്നു. വിളിക്കുന്നവരിൽ അഞ്ച് ശതമാനം പേർക്ക് മാത്രമെ ഇപ്പോൾ സേവനം ലഭിക്കുന്നുള്ളൂ എന്നും യൂണിയൻ വ്യക്തമാക്കി. തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിനെ അപലപിക്കുന്ന ഒരു സോഷ്യൽ മീഡിയ കാമ്പെയ്‌ന് യൂണിയൻ തുടക്കമിട്ടിട്ടുണ്ട്. തൊഴിൽ വെട്ടിക്കുറയ്ക്കുന്ന നടപടികളുമായി ഫെഡറൽ സർക്കാർ ഇനിയും മുന്നോട്ട് പോയാൽ, ഇപ്പോൾ ലഭിക്കുന്ന സേവനങ്ങൾ പോലും ഭാവിയിൽ ബുദ്ധിമുട്ടായിത്തീരുമെന്ന് കനേഡിയൻമാർക്ക് യൂണിയൻ മുന്നറിയിപ്പ് നൽകി. ഫെഡറൽ മന്ത്രാലയങ്ങൾ പദ്ധതി ചെലവുകൾ ഗണ്യമായി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അടുത്തിടെ ആഹ്വാനം ചെയ്തതിരുന്നു. ഇതേ തുടർന്ന് സിആർഎയുടെ കോൾ സെൻ്ററുകളിൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾ പ്രതീക്ഷിക്കുന്നതായി യൂണിയൻ ദേശീയ പ്രസിഡൻ്റ് മാർക് ബ്രയേർ പറഞ്ഞു.