കാനഡയിൽ അഭയാർത്ഥി പദവി തേടിയെത്തുന്ന അമേരിക്കക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്. ഇമിഗ്രേഷൻ ആൻ്റ് റെഫ്യൂജി ബോർഡിൻ്റെ (IRB) ഏറ്റവും പുതിയ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ 245 അമേരിക്കക്കാർ കനേഡിയൻ അഭയാർത്ഥി പദവിക്കായി അപേക്ഷിച്ചു. 2024ലെ എണ്ണത്തേക്കാൾ 204 പേർ കൂടുതലാണ് ഇത്തവണ.
2025-ൽ ഇതുവരെയുള്ള മൊത്തം അഭയാർത്ഥി അപേക്ഷകളുടെ എണ്ണം 55,093 ആണ്. ഇതിൻ്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇത്തവണ അമേരിക്കയിൽ നിന്നുള്ള അഭയാർത്ഥി ക്ലെയിമുകൾ. എങ്കിലും 2019 മുതൽ ഇതുവരെയുള്ള ഏതൊരു വർഷത്തേക്കാളും കൂടുതലാണ് ഇത്തവണ അമേരിക്കയിൽ നിന്നുള്ള അഭയാർത്ഥി അപേക്ഷകൾ. എന്തു കൊണ്ടാണ് ഇത്രയും പേർ അഭയാർത്ഥി പദവി ആവശ്യപ്പെടുന്നത് എന്നതിൻ്റെ കാരണം റിപ്പോർട്ട് വ്യക്തമാക്കുന്നില്ല; എങ്കിലും, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രണ്ടാമതും അധികാരത്തിൽ എത്തിയതിനെ തുടർന്നാണ് ഈ വർധന ഉണ്ടായിട്ടുള്ളത്. ട്രംപ് ഭരണകൂടം കുടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി, സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും കോടതിമുറികളിലും പോലും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) റെയ്ഡുകൾ നടത്തുന്നുണ്ട്. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് കാനഡയിലേക്കുള്ള അമേരിക്കൻ അഭയാർത്ഥി അപേക്ഷകളുടെ എണ്ണവും വർദ്ധിച്ചിരുന്നു. 2017 ൽ യുഎസിൽ നിന്നുള്ള അപേക്ഷകൾ മുൻ വർഷത്തെ 129 ൽ നിന്ന് 869 ആയി ഉയർന്നിരുന്നു.