പി പി ചെറിയാന്‍, ഡാളസ്
വാഷിംഗ്ടണ്‍: പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. 2025 ജനുവരിക്കും ജൂണിനും ഇടയില്‍ വിദേശ ജനസംഖ്യയില്‍ 15 ലക്ഷത്തോളം പേരുടെ കുറവുണ്ടായതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ പുതിയ പഠനം വെളിപ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിന്റെ കര്‍ശനമായ കുടിയേറ്റ നിയമങ്ങളാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം.
കുടിയേറ്റ നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തേക്ക് വരുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതും, സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ട് പോവുന്നവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം 51.9 ദശലക്ഷമായി കുറഞ്ഞു. ഇത് കഴിഞ്ഞ ആറ് മാസത്തെ കണക്കിനേക്കാള്‍ 1.5 ദശലക്ഷത്തിന്റെ കുറവാണ് കാണിക്കുന്നത്.
പുതിയ പഠനമനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയിലും തൊഴില്‍ രംഗത്തും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ പല മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും കൂടുതല്‍ ആളുകള്‍ വിരമിക്കുന്ന സാഹചര്യത്തില്‍ അവരുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയങ്ങള്‍ ഭയം സൃഷ്ടിച്ചതായി പല കുടിയേറ്റക്കാരും പറയുന്നു. ഷാര്‍ലറ്റിലെ വീട്ടുവേലക്കാരിയായിരുന്ന ലിലിയന്‍ ഡിവൈന ലീറ്റ് എന്ന ബ്രസീലിയന്‍ യുവതി സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിടാന്‍ തീരുമാനിച്ചുതായി പറഞ്ഞു. 'വളരെ ഭയത്തോടെയാണ് താന്‍ ഇവിടെ ജീവിച്ചതെന്ന്' അവര്‍ വിശദീകരിച്ചു. നിയമപരമായ രേഖകളില്ലാത്ത പലരും രാജ്യത്ത് നിന്ന് സ്വയം ഒഴിഞ്ഞുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.