2024 ല്‍ 7.6 ലക്ഷത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍(BoI) ആണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്. 2023 ല്‍ വിദേശത്തേക്ക് പോയ ഏകദേശം 8.95 ലക്ഷം വിദ്യാര്‍ത്ഥികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നേരിയ കുറവാണെങ്കിലും വിദേശ വിദ്യാഭ്യാസത്തോടുള്ള ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലെ താല്‍പ്പര്യമാണ് ഇത് എടുത്തുകാണിക്കുന്നത്.
വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാര്‍ അടുത്തിടെ നടന്ന ലോക്‌സഭാ സമ്മേളനത്തില്‍ ഈ കണക്കുകള്‍ പങ്കുവെച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവ് ഉണ്ടെന്ന് ഡാറ്റ കാണിക്കുന്നു. 2020 ല്‍ ഏകദേശം 2.6 ലക്ഷത്തില്‍ നിന്ന് 2021 ല്‍ 4.45 ലക്ഷമായി, 2022 ല്‍ 7.52 ലക്ഷമായി വര്‍ധിച്ചു, 2023 ല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞ വര്‍ഷം ഒരു ചെറിയ കുറവ് അനുഭവപ്പെട്ടു.