കാല്‍ഗറിയില്‍ വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ 11, 13 വയസ്സുള്ള കുട്ടികള്‍ അറസ്റ്റില്‍; സംഘത്തില്‍ പെണ്‍കുട്ടിയും 

By: 600002 On: Aug 22, 2025, 11:14 AM

 

 

കഴിഞ്ഞയാഴ്ച നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ വനിതാ ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ 11 ഉം 13 ഉം വയസ് പ്രായമുള്ള മൂന്ന് കൗമാരക്കാര്‍ അറസ്റ്റിലായി. ഓഗസ്റ്റ് 15 ന് പുലര്‍ച്ചെയാണ് ബസ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടതായി കാല്‍ഗറി ട്രാന്‍സിറ്റ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു. റണ്‍ഡില്‍ സിട്രെയിന്‍ സ്റ്റേഷനില്‍ വെച്ച് മൂന്ന് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ ബസിന്റെ വശങ്ങളില്‍ ഇടിക്കുകയും തനിക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തതായി ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു. 

വിവരമറിഞ്ഞെത്തിയ പോലീസ്, സ്‌റ്റേഷനില്‍ നിന്നും ട്രെയിനിലേക്ക് കയറുകയായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇവരില്‍ നിന്നും രണ്ട് റെപ്ലിക്ക തോക്കുകളും ഒരു കത്തിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. 

പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിക്കെതിരെ ആക്രമണം, കുറ്റകൃത്യത്തിനായി ആയുധം ഉപയോഗിക്കല്‍, പൊതുസ്ഥലത്ത് ആയുധം കൈവശം വെക്കല്‍, ആയുധം ഒളിപ്പിച്ചു വെക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 11 വയസുള്ള രണ്ട് കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, 12 വയസിന് താഴെ മാത്രം പ്രായമുള്ളതിനാല്‍ കാനഡയിലെ ക്രിമിനല്‍ കോഡ് പ്രകാരം ഇവര്‍ക്കെതിരെ കുറ്റകൃത്യം ചുമത്താന്‍ സാധിക്കില്ല. ഇവരെ മാതാപിതാക്കളുടെ കൂടെ വിട്ടു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.