ഒക്ടോബര്‍ 20ന് നടക്കുന്ന കാല്‍ഗറി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ടോ എന്നത് ഉറപ്പാക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി സിറ്റി നോട്ടീസ് പുറത്തിറക്കി. വോട്ടര്‍മാര്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാനും രജിസ്റ്റര്‍ ചെയ്യുന്നതിനും വിവരങ്ങള്‍ നല്‍കാനും voterlink.ab.ca എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്ന് സിറ്റി അറിയിച്ചു.
അതേസമയം, ആല്‍ബെര്‍ട്ട സര്‍ക്കാര്‍ നടപ്പിലാക്കിയ മാറ്റത്തെ തുടര്‍ന്ന് പ്രവിശ്യാ സര്‍ക്കാരില്‍ നിന്നും സിറ്റിയില്‍ നിന്നുമുള്ള ആശയവിനിമയത്തില്‍ പരാജയം ഉണ്ടായിട്ടുണ്ടെന്ന് കാല്‍ഗറി പാര്‍ട്ടി മേയര്‍ സ്ഥാനാര്‍ത്ഥി ബ്രയാന്‍ തീസെന്‍ ഈ വിഷയത്തില്‍ അഭിപ്രായപ്പെട്ടു. പുതിയ നിയമപ്രകാരം, വോട്ടുചെയ്യാന്‍ അര്‍ഹതയുള്ള താമസക്കാരുടെ സ്ഥിരം വോട്ടര്‍ രജിസ്റ്റര്‍ തയാറാക്കി പരിപാലിക്കാന്‍ മുനിസിപ്പിലാറ്റികള്‍ ബാധ്യസ്ഥരാണ്.
പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ഓഗസ്റ്റ് 26 ആണ്. എന്നാല്‍ അതിനുശേഷം വോട്ടെടുപ്പ് ദിവസം ആളുകള്‍ പോളിംഗില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത് നീണ്ട നിരകള്‍ക്ക് കാരണമാകുമെന്ന് തീസെന്‍ പറഞ്ഞു. എന്നാല്‍ വോട്ടര്‍ രജിസ്റ്ററില്‍ പേരില്ലെങ്കില്‍ പോലും അര്‍ഹരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുമെന്ന് സിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.