വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസെടുത്ത ഒൻ്റാരിയോ പൊലീസിൻ്റെ നടപടി ചർച്ചയാകുന്നു

By: 600110 On: Aug 21, 2025, 10:11 AM

ഒൻ്റാരിയോയിൽ, വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമിച്ച് കീഴ്പ്പെടുത്തിയ വീട്ടുടമയ്ക്കെതിരെ കേസെടുത്ത നടപടി ചർച്ചയാകുന്നു. പൊലീസിൻ്റെ നടപടി അസ്വാഭാവികമെന്നാണ് ജനങ്ങളിൽ കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്. 

ലിൻഡ്‌സെയിലെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് വീട്ടുടമയും അക്രമിയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. എന്നാൽ പൊലീസ് ഇരുവർക്കും എതിരെ കേസെടുക്കുകയായിരുന്നു. പൊലീസിൻ്റെ ക്രിമിനൽ ലിസ്റ്റിൽ ഉള്ള ആളാണ് അതിക്രമിച്ച് കയറിയ അക്രമി. സംഭവത്തിൽ വീട്ടുടമയ്ക്കും എതിരെ കേസെടുത്തത് ശരിയായില്ലെന്ന് പ്രീമിയർ  ഡഗ് ഫോർഡും പ്രതികരിച്ചു. വീട്ടിൽ അതിക്രമിച്ചു കയറിയാൽ, കുടുംബത്തെ സംരക്ഷിക്കാൻ നിങ്ങളാൽ കഴിയുന്ന എന്തും ചെയ്യുമെന്ന് തനിക്ക് അറിയാമെന്നും ഫോർഡ് പറഞ്ഞു. ഓഗസ്റ്റ് 18നായിരുന്നു വിവാദത്തിന് ഇടയാക്കിയ സംഭവം ഉണ്ടായത്. 44 വയസ്സുകാരനായ വീട്ടുടമയ്ക്കെതിരെ ഗുരുതരമായ ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉണ്ടായത്. എന്നാൽ തങ്ങളുടെ ഭാഗം ന്യായീകരിച്ച് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. ലഭ്യമായ എല്ലാ തെളിവുകളും പരിശോധിച്ചതിന് ശേഷമാണ് അന്വേഷകർ വീട്ടുടമയ്ക്കെതിരെ കുറ്റം ചുമത്തിയത്.  വീട്ടുടമസ്ഥർക്ക് തങ്ങളെയും സ്വത്തുക്കളെയും സംരക്ഷിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആവശ്യത്തിലധികമുള്ള ബലപ്രയോഗത്തിന് അവകാശമില്ലെന്നും പൊലീസ് വ്യക്തമാക്കി.