വ്യാപാര യുദ്ധത്തിനിടയില്‍ അമേരിക്കയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഉയര്‍ന്ന ആഭ്യന്തര വിമാന ചെലവ് നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര വിമാന ചെലവ് വര്‍ധിക്കുന്നത് കാരണം പ്രാദേശിക യാത്രകള്‍ നടത്താന്‍ പോലും സാധിക്കാതെ വരുന്നതായി യാത്രക്കാര്‍ പറയുന്നു.
റെഡ്ഡിറ്റ് പോസ്റ്റില്‍, ആഭ്യന്തര വിമാനങ്ങളുടെ ഉയര്‍ന്ന നിരക്കില്‍ നിരാശ പ്രകടിപ്പിച്ച് കനേഡിയന്‍ പൗരന്മാര്‍ രംഗത്തെത്തി. കാനഡയിലുടനീളം അഞ്ച് മണിക്കൂര്‍ വിമാനയാത്രയേക്കാള്‍ യൂറോപ്പിലേക്കും കരീബിയനിലേക്കുമുള്ള വിമാനയാത്രാ നിരക്ക് കുറഞ്ഞതാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
പബ്ലിക് പോളിസി തിങ്ക് താങ്കായ എംഇഐയുടെ പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന് അമിതമായ വിമാന നിരക്കുകളില്‍ ഫെഡറല്‍ സര്‍ക്കാരിന് വലിയൊരു പങ്കുണ്ടെന്നാണ്. ഫെഡറല്‍ സര്‍ക്കാര്‍, എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ ചുമത്തുന്ന ഉയര്‍ന്ന നികുതികളും ഫീസും മൂലമാണ് ആഭ്യന്തര വിമാനയാത്രയുടെ ചെലവ് ഉയരുന്നതെന്ന് സംഘടന പറയുന്നു.
വിമാനത്താവളങ്ങളില്‍ സര്‍ക്കാര്‍ പലതരം നികുതികളും ഫീസുകളും ഈടാക്കുന്നുണ്ടെന്ന് MEI പറയുന്നു. പ്രധാന റൂട്ടുകളിലെ യാത്രക്കാരുടെ ടിക്കറ്റിന്റെ പ്രധാനഭാഗം ഇതാണ്. ഓരോ ടിക്കറ്റിലും ഈടാക്കുന്ന എയര്‍പോര്‍ട്ട് ഇംപ്രൂവ്‌മെന്റ് ഫീസ്(AIF) വഴി കനേഡിയന്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ട് ലാന്‍ഡിന്റെ വാടക പരോക്ഷമായി അടയ്ക്കുകയാണെന്ന് എംഇഐ പറയുന്നു.