ഉപ്പിന് പകരമായി എന്ത് ഉപയോഗിക്കാമെന്ന് ചാറ്റ്ജിപിടിയോട് ഉപദേശം ചോദിച്ചയാൾ, വിഭ്രാന്തി ബാധിച്ച് ആശുപത്രിയിൽ. ടേബിൾ ഉപ്പായ ക്ലോറൈഡിന് പകരമായി എന്തുപയോഗിക്കാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ, സോഡിയം ബ്രോമൈഡ് എന്നായിരുന്നു ചാറ്റ്ജിപിടിയുടെ ഉത്തരം. തുടർന്ന് ഇത് കഴിച്ചതാണ് ചോദ്യം ചോദിച്ച അറുപതുകാരൻ്റെ ആരോഗ്യം വഷളാക്കിയത്. മനുഷ്യർ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് ബ്രോമൈഡ്. ടേബിൾ ഉപ്പിനോട് ഏറെ സാമ്യമുള്ള സോഡിയം ബ്രോമൈഡ്, ജലശുദ്ധീകരണത്തിനും, മൃഗങ്ങൾക്ക് ഒരു ആൻ്റികൺവൾസൻ്റായും, ഫിലിം ഫോട്ടോഗ്രാഫിക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്.
വൈദ്യശാസ്ത്രത്തിൻ്റെ കാര്യത്തിൽ ഇപ്പോഴത്തെ AI ടൂളുകൾ എല്ലായ്പ്പോഴും വിശ്വസനീയമല്ലെന്ന് തെളിയിക്കാൻ വേണ്ടിയാണ് സിയാറ്റിലിലെ വാഷിംഗ്ടൺ സർവകലാശാലയിലെ മൂന്ന് ഡോക്ടർമാർ ഈ സംഭവം വിശദീകരിച്ചത് . ChatGPT യും മറ്റ് AI സിസ്റ്റങ്ങളും ശാസ്ത്രീയമായി കൃത്യതയില്ലാത്ത വിവരങ്ങൾ നല്കുമെന്നും, ആത്യന്തികമായി തെറ്റായ വിവരങ്ങളുടെ വ്യാപനത്തിന് ഇത് കാരണമാകുമെന്നും ഡോക്ടർമാരായ ഓഡ്രി ഐച്ചൻബെർഗർ, സ്റ്റീഫൻ തീൽക്കെ, ആദം വാൻ ബസ്കിർക്ക് എന്നിവർ പറയുന്നു. ശാസ്ത്രജ്ഞർക്കും പൊതുജനങ്ങൾക്കും ഇടയിൽ ഒരു പാലം സൃഷ്ടിക്കാൻ AI ഉപകരണങ്ങൾ മികച്ചതാണ്. എന്നാൽ ഇത് തെറ്റായ വിവരങ്ങൾ സൃഷ്ടിക്കുന്നതിനും സന്ദർഭത്തിന് പുറത്തുള്ള വിവരങ്ങൾ നൽകുന്നതിനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ChatGPT നിർമ്മാതാക്കളായ OpenAI, ആരോഗ്യ സംബന്ധിയായ ചോദ്യങ്ങളുടെ കാര്യത്തിൽ കൂടുതൽ കൃത്യത ഉറപ്പ് വരുത്തുന്നതിനായി സിസ്റ്റത്തിൽ അടുത്തിടെ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.