പലസ്തീന് അംഗീകാരം നല്കുന്നതുമായി ബന്ധപ്പെട്ട കാനഡ സർക്കാരിൻ്റെ പുതിയ തീരുമാനത്തിനെതിരെ വിമർശനവുമായി കനേഡിയൻ വംശഡയായ ഡോക്യുമെൻ്ററി സംവിധായിക. The Road Between Us: The Ultimate Rescue എന്ന ഡോക്യുമെൻ്ററിയുടെ സംവിധായികയായ ഷാറെൻ ഹസ്കലാണ് വിമർശനവുമായി രംഗത്തെത്തിയത്. ചില വ്യവസ്ഥകൾ പാലിച്ചാൽ, പലസ്തീൻ രാജ്യത്തെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി മാർക് കാർണി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരയാണ് ഷാറെൻ ഹസ്കൽ വിമർശനം ഉന്നയിച്ചത്. 50 പേരെ ഇപ്പോഴും ഹമാസ് അവരുടെ തടവറകളിൽ ഇട്ടിരിക്കുകയാണ്. പലസ്തീന് അംഗീകാരം നല്കിയാൽ, അത് ഒക്ടോബർ 7 കൂട്ടക്കൊലയിലെ ഭീകരരെ അംഗീകരിക്കുന്നതിന് തുല്യമാണെന്നും അവർ വിമർശിച്ചു.
ടൊറൻ്റോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഷാറെൻ ഹസ്കലിൻ്റെ ഡോക്യുമെൻ്ററിക്ക് ആദ്യം പ്രദർശനാനുമതി നിഷേധിക്കുകയും പിന്നീട് അനുവദിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ ഏഴിന് ഹമാസ് ഭീകരരുടെ ഗോപ്രോ ക്യാമറകളിൽ നിന്ന് കിട്ടിയ അത്യന്തം ക്രൂരമായ ദൃശ്യങ്ങൾ അടങ്ങിയതാണ് ഡോക്യുമെൻ്ററി. ഇത് പ്രദർശിപ്പിക്കാൻ, ഹമാസിൻ്റെ അനുമതി വേണമെന്നു TIFF സംഘാടകർ പറഞ്ഞതായി ഷാറെൻ ഹസ്കൽ ആരോപിച്ചു. കൊലപാതകങ്ങളും, ബലാത്സംഗങ്ങളും, മനുഷ്യരെ തട്ടിക്കൊണ്ടുപോകലും നടത്തിയ ഭീകരരിൽ നിന്ന് തന്നെ പ്രദർശനത്തിന് അനുമതി വാങ്ങണമെന്ന നിലപാട് തെറ്റ് മാത്രമല്ല, സത്യ മൂടി വയ്ക്കാൻ കൂട്ടുനില്ക്കുന്നതിന് തുല്യമാണെന്ന് ഹസ്കൽ പറഞ്ഞു. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളിൽ നിന്ന് തൻ്റെ കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന വിരമിച്ച ഇസ്രായേൽ ജനറലിൻ്റെ കഥയാണ് ഡോക്യൂമെൻ്ററി പറയുന്നത്.
സ്വാതന്ത്ര്യത്തിലും, സമത്വത്തിലും, മാനവികതയിലും വിശ്വസിക്കുന്ന, താൻ ജനിച്ച കാനഡയിൽ ഇത്തരമൊരു തീരുമാനം ചിന്തിക്കാൻ പോലും കഴിയില്ലെന്നും അവർ പറഞ്ഞു. TIFF ഒടുവിൽ അവരുടെ തെറ്റായ തീരുമാനം മാറ്റിയതിൽ സന്തോഷമുണ്ട്. എന്നാൽ ഒക്ടോബർ 7-നുശേഷം കാനഡയിൽ വളർന്നുവരുന്ന യെഹൂദവിരുദ്ധത (antisemitism) ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകൾ ഗൗരവത്തോടെ കാണണം. സമൂഹത്തിലെ മൂല്യങ്ങളിൽ സംഭവിച്ച ഈ ഭീകരമായ മാറ്റത്തിനെതിരെ കാനഡ കൂടുതൽ ശക്തമായ നടപടികളെടുക്കണമെന്നും ഹസ്കൽ ആവശ്യപ്പെട്ടു.