ആളുകളെ കബളിപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്യാനും ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ കണ്ടെത്തിയ പുതിയ വഴിയാണ് 'വാട്‌സ്ആപ്പ് സ്‌ക്രീന്‍ മിററിംഗ് ഫ്രോഡ്'. വാട്‌സ്ആപ്പ് സ്‌ക്രീന്‍ മിററിംഗ് തട്ടിപ്പില്‍ ഒരു വീഡിയോ കോള്‍ വഴി ഹാക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണിലേക്ക് ആക്‌സസ് ലഭിക്കും. കൂടാതെ, ഉപകരണത്തിലുള്ള ഡാറ്റ എളുപ്പത്തില്‍ മോഷ്ടിക്കാനും കഴിയും. ഇരകള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടുകയും വാട്‌സ്ആപ്പ് വഴിയുള്ള വീഡിയോ കോള്‍ വഴി ഐഡന്റിറ്റി മോഷണം നേരിടേണ്ടി വരികയും ചെയ്‌തേക്കാം.
അടുത്തിടെ വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്റെ ഈ പുതിയ രീതിയെക്കുറിച്ച് വണ്‍കാര്‍ഡ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സൈബര്‍ കുറ്റവാളികള്‍ ഉപയോക്താക്കളെ വാട്‌സ്ആപ്പ് വഴി അവരുടെ ഫോണ്‍ സ്‌ക്രീനുകള്‍ പങ്കിടാന്‍ സമര്‍ത്ഥമായി വശീകരിക്കുന്നതാണ് ഈ തട്ടിപ്പ്. സാധാരണ കോള്‍ വിളിച്ച് ഒരു വാട്‌സ്ആപ്പ് വീഡിയോ കോളിലേക്ക് മാറാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ഇതിന് ശേഷം ഈ തട്ടിപ്പുകാര്‍ ഒരു കോഡോ മാല്‍വെയര്‍ ലിങ്കോ പങ്കിടും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ കോഡ് ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ ഫോണിന്റെ പൂര്‍ണ നിയന്ത്രണം ഹാക്കര്‍മാര്‍ക്ക് ലഭിക്കും. അജ്ഞാതമോ സംശയാസ്പദമോ ആയ നമ്പറുകളില്‍ നിന്നുള്ള വീഡിയോ കോള്‍ ഒരിക്കലും സ്വീകരിക്കരുത്. കൂടാതെ ഫോണിന്റെ സ്‌ക്രീന്‍ ഒരിക്കലും അജ്ഞാതരുമായി ഷെയര്‍ ചെയ്യരുത്. എല്ലാ സാമ്പത്തിക, മെസേജിംഗ് ആപ്പുകളിലും ടു-ഫാക്ടര്‍ ഓഥന്റിക്കേഷന്‍ പ്രാപ്തമാക്കുക.