നിര്‍ത്തിയിട്ട ട്രെയിനിന് അടിയിലൂടെ കാല്‍നടയാത്രക്കാര്‍ ഇഴഞ്ഞ്‌നീങ്ങി ക്രോസ് ചെയ്യുന്നു; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വൈറ്റ്‌റോക്ക് ആര്‍സിഎംപി 

By: 600002 On: Aug 18, 2025, 10:04 AM

 


നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനടിയിലൂടെ ആളുകള്‍ കടന്നുപോകുന്ന സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കി വൈറ്റ്‌റോക്ക് ആര്‍സിഎംപി. ബുധനാഴ്ച നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനടിയിലൂടെ ഒന്നിലധികം ആളുകള്‍ അപ്പുറത്തേക്ക് കടന്നുപോയ സംഭവത്തിന് പിന്നാലെയാണ് ആര്‍സിഎംപി സുരക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ട്രെയിനുകള്‍ക്കും ട്രാക്കുകള്‍ക്കും ഇത്തരം പ്രവൃത്തികള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായും ആളുകള്‍ക്ക് അപകടമുണ്ടാകുമെന്നും ആര്‍സിഎംപി മുന്നറിയിപ്പില്‍ പറയുന്നു. 

പിയര്‍ ഹെഡിന് സമീപം ക്രോസിംഗില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് ഒരുകൂട്ടം കാല്‍നടയാത്രക്കാര്‍ ട്രെയിനിന് അടിയിലൂടെ ഇഴഞ്ഞുനീങ്ങി ട്രാക്ക് കടന്ന് അപ്പുറത്തെത്തിയത്. ചില മാതാപിതാക്കള്‍ കുട്ടികളെയുമായാണ് ട്രാക്കിലൂടെ കടന്നതെന്ന് ആര്‍സിഎംപി പറയുന്നു. അപ്പുറത്തെത്താനുള്ള എളുപ്പമാര്‍ഗമായി ട്രെയിനിന് അടിയിലൂടെ ഇഴഞ്ഞുനീങ്ങുന്നത് നിയമവിരുദ്ധമാണെന്നും ഒരിക്കലും സുരക്ഷിതമല്ലെന്നും വൈറ്റ്‌റോക്ക് ഡിറ്റാച്ച്‌മെന്റ് കമാന്‍ഡര്‍, റോബ് ഡിക്‌സണ്‍ പറഞ്ഞു. 

കാനഡയില്‍ ട്രെയിന്‍ ട്രാക്കുകള്‍ പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. നിയുക്ത ക്രോസിംഗ് ഇല്ലാത്ത ഏത് സ്ഥലത്തും ക്രോസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ട്രാക്കുകളില്‍ അതിക്രമിച്ചു കടക്കുന്നതിനുള്ള പിഴ 500 ഡോളറായി വര്‍ധിപ്പിച്ചിട്ടുണ്ട്.