തൊഴിലാളികളുടെ പണിമുടക്കിന് പിന്നാലെ എയർ കാനഡ കൂടുതൽ സർവ്വീസുകൾ റദ്ദാക്കി. ജോലിയിൽ തിരിച്ചെത്താനുള്ള ഉത്തരവ് ലംഘിച്ചും പണിമുടക്കിൽ തുടരുമെന്ന് ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ കാനഡയുടെ തീരുമാനം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കണമെന്ന് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് വ്യക്തമാക്കിയിരുന്നു.
"തങ്ങളുടെ അംഗങ്ങൾ ജോലിയിലേക്ക് തിരികെ പ്രവേശിക്കില്ലെന്ന് CUPE നാഷണൽ പ്രസിഡൻ്റ മാർക്ക് ഹാൻകോക്ക് പറഞ്ഞു. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിൻ്റെ ടെർമിനലിന് പുറത്ത് യൂണിയൻ അംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിൻ്റെ നിർദ്ദേശം ലംഘിക്കാൻ CUPE തങ്ങളുടെ ഫ്ലൈറ്റ് അറ്റൻഡൻ്റ് അംഗങ്ങളോട് നിയമവിരുദ്ധമായി നിർദ്ദേശിച്ചു എന്നാണ് എയർലൈൻ പറയുന്നത്. പിന്നാലെ തിങ്കളാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ കാനഡ അറിയിച്ചു. ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന 240 ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു