നോര്‍ത്ത് യോര്‍ക്കില്‍ രാത്രിയുണ്ടായ വെടിവെയ്പ്പില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരന്‍ കൊല്ലപ്പെട്ടതായി ടൊറന്റോ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യം തെറ്റിയെത്തിയ വെടിയുണ്ട തറച്ചാണ് കുട്ടി കൊല്ലപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ട്രെത്ത്‌വെ ഡ്രൈവിനടുത്തുള്ള 15 മാര്‍ത്ത ഈറ്റണ്‍ വേയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന് പുറത്ത് ശനിയാഴ്ച രാവിലെ 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. വിവരമറിഞ്ഞെത്തിയ പോലീസ് വെടിയേറ്റ നിലയില്‍ ആണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. പാരാമെഡിക്കുകളെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജഹ്‌വായ് റോയി എന്ന കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലുണ്ടായ വെടിവെപ്പില്‍ ഇരയായ ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഓരാളാണ് ജഹ്‌വായ് റോയ്.
വെടിവെപ്പില്‍ രണ്ടിലധികം അപ്പാര്‍ട്ട്‌മെന്റ് യൂണിറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് മേധാവി പറഞ്ഞു. മറ്റ് പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.