കാല്‍ഗറിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള മൗണ്ടെയ്ന്‍ പാര്‍ക്കുകളില്‍ കരടിയുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ്. കനനാസ്‌കിസ് കണ്‍ട്രിയിലെയും ബോ വാലിയിലെയും എല്ലാ പ്രവിശ്യാ പാര്‍ക്കുകള്‍ക്കും സംരക്ഷിത പ്രദേശങ്ങള്‍ക്കും മുന്നറിയിപ്പ് ബാധകമാണെന്ന് ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത നോട്ടീസില്‍ പറയുന്നു. ഇവിടങ്ങളില്‍ കരടികളുടെ ഇഷ്ട ഭക്ഷണമായ ബഫല്ലോ ബെറികള്‍ കൂടുതലുണ്ടാകുന്നതിനാല്‍ ഈ ഏരിയകളില്‍ കരടിയുടെ സാന്നിധ്യം കൂടുതലായി ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബ്ലാങ്കറ്റ് വാണിംഗിന് പുറമെ കനനാസ്‌ക്‌സിലെയും ബോ വാലിയിലെയും പ്രദേശങ്ങളില്‍ നിലവില്‍ 17 ഓളം അടച്ചുപൂട്ടലുകളും മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. ഇത് ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരടിയെ കണ്ടാല്‍ ചെയ്യേണ്ട ചില നിര്‍ദ്ദേശങ്ങളും ആല്‍ബെര്‍ട്ട പാര്‍ക്ക്‌സ് നല്‍കിയിട്ടുണ്ട്.