ആൽബെർട്ടയിലെ കൗമാരക്കാരെ ലക്ഷ്യമിട്ട് ഓൺലൈൻ ഗ്രൂപ്പായ 764

By: 600110 On: Aug 14, 2025, 2:04 PM

 

ആൽബെർട്ടയിലെ കൗമാരക്കാരെ ലക്ഷ്യമിട്ട് ഓൺലൈൻ ഗ്രൂപ്പായ 764 അപകടരമാം വിധം സജീവമാകുന്നതായി റിപോർട്ട്. കൗമാരക്കാരിയായ 14 കാരിയുടെ അമ്മയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.   ഈ സംഘം  നിഷ്കളങ്കരായ യുവാക്കളെ വീഡിയോ ഗെയിമുകളിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വശീകരിച്ചാണ് ചൂഷണത്തിന് ഇരയാക്കുന്നത്. 

സ്വയം ഉപദ്രവിക്കുന്നതിനോ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനോ വളർത്തുമൃഗങ്ങളെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുന്നതിനോ നിർബന്ധിച്ചാണ് ചൂഷണം നടത്തുന്നത്.  അമേരിക്കയിൽ പോലീസ് ഇവർക്ക് എതിരെ നടപടി എടുത്തിട്ടുണ്ടെങ്കിലും  കാനഡയിൽ കുറച്ച് കുറ്റങ്ങൾ മാത്രമേ ചുമത്തിയിട്ടുള്ളൂ.  ഇവരുടെ ഗ്രൂപ്പിൽ അകപ്പെട്ട മകൾക്ക് എട്ട് വയസ്സ് മുതൽ  മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കുറച്ച് നാളുകളായി മകൾ  കൂടുതൽ ഒറ്റപ്പെടുകയും അസ്വസ്ഥയാകുകയും ചെയ്തെന്നും അമ്മ വെളിപ്പെടുത്തി.  764 ഗ്രൂപ്പ് നവ-നാസിസം, സാത്താനിസം, സ്വയം ഉപദ്രവിക്കൽ എന്നിവ കൂടിച്ചേർന്ന ഒരു അരാജകത്വ ഗ്രൂപ്പാണെന്ന് ഗ്ലോബൽ ഇന്റലിജൻസ് നോളജ് നെറ്റ്‌വർക്ക് ഡയറക്ടറും കനേഡിയൻ ഇന്റലിജൻസ് സർവീസിലെ മുൻ ഇന്റലിജൻസ് ഓഫീസറുമായ നീൽ ബിസൺ പറഞ്ഞു.  ഒരു ജീവനും പ്രശ്നമല്ല എന്ന ഘട്ടത്തിലേക്ക് ആളുകളെ  എത്തിക്കാനാണ്  ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.