നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ ഫാല്‍ക്കണ്‍റിഡ്ജിലുണ്ടായ തീപിടുത്തത്തില്‍ ഇരുനില ഡ്യൂപ്ലെക്‌സ് കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഫാല്‍വര്‍ത്ത്‌വേയിലെ 100 ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിയപ്പോള്‍ കെട്ടിടത്തില്‍ നിന്നും കനത്ത പുകയും തീയും ഉയരുന്നുണ്ടായിരുന്നുവെന്ന് കാൽഗറി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അലക്‌സ് ക്വാന്‍ പറഞ്ഞു.
തീപിടുത്തമുണ്ടായ വീട്ടിലെ താമസക്കാരെയും സമീപത്തുള്ള രണ്ട് വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ പിന്‍ഭാഗത്തുണ്ടായിരുന്ന ഒരു ചാര്‍ക്കോള്‍ ബാര്‍ബിക്യൂവില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ക്വാന്‍ വ്യക്തമാക്കി. തീപിടുത്തത്തില്‍ വീടിന്റെ പകുതിയിലേറെയും ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.