ഒന്റാരിയോയില്‍ നഴ്‌സ്-രോഗി അനുപാതം ഫോര്‍ഡ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കണമെന്ന് പഠന റിപ്പോര്‍ട്ട് 

By: 600002 On: Aug 13, 2025, 11:53 AM

 


ഒന്റാരിയോയില്‍ നഴ്‌സ്-രോഗി അനുപാതം സംബന്ധിച്ച് ഫോര്‍ഡ് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പുതിയ പഠന റിപ്പോര്‍ട്ട്. ഒന്റാരിയോ കൗണ്‍സില്‍ ഓഫ് ഹോസ്പിറ്റല്‍ യൂണിയനെ പ്രതിനിധീകരിച്ച് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്(OCHU-CUPE) തയാറാക്കിയ റിപ്പോര്‍ട്ടില്‍, നഴ്‌സ്-രോഗീ അനുപാതം നടപ്പിലാക്കുന്നത് മിക്കയിടങ്ങളിലും വിജയകരമായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.

സമയം വൈകുന്നതിന് മുമ്പ് ഒന്റാരിയോയും നഴ്‌സ്-രോഗീ അനുപാതം നിര്‍ബന്ധമാക്കണമെന്ന് പഠന റിപ്പോര്‍ട്ട് തയാറാക്കിയവരില്‍ ഒരാളും ഗവേഷകനുമായ ഡോ. ജിം ബ്രോഫി പറയുന്നു. രാജ്യത്തുടനീളം ഏറ്റവും കുറഞ്ഞ രോഗി-നഴ്‌സ് അനുപാതം ഒന്റാരിയോയിലാണെന്ന് ബ്രോഫി പറയുന്നു. മറ്റ് പ്രവിശ്യകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഏറ്റവും കുറഞ്ഞ ഫണ്ടാണ് ഒന്റാരിയോയിലെന്നും അദ്ദേഹം പറഞ്ഞു. 

കാനഡയില്‍, ബ്രിട്ടീഷ് കൊളംബിയ ഇത് സംബന്ധിച്ച് നിയമനിര്‍മാണം പാസാക്കി. അതേസമയം, നോവ സ്‌കോഷ്യ നിലവിലുള്ള ചില നഴ്‌സിംഗ് കരാറുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മാനിറ്റോബ നിലവില്‍ ഈ പ്രശ്‌നം പഠിച്ചുകൊണ്ടിരിക്കുകയാണ്.