സൗത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ യുവതിയെ ആക്രമിച്ച അമേരിക്കന്‍ പിറ്റ്ബുള്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയെ കൊല്ലാന്‍ ഉത്തരവിട്ടു. ചൊവ്വാഴ്ച 90 അവന്യു എസ്ഇയ്ക്ക് സമീപമുള്ള ഫെയര്‍മൗണ്ട് ഡ്രൈവ് എസ്ഇയില്‍ രാവിലെ 8.30 നാണ് സംഭവമുണ്ടായതെന്ന് കാല്‍ഗറി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. വിവരമറിഞ്ഞ് ജീവനക്കാരെത്തിയപ്പോള്‍ തലയിലും മുഖത്തും കടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റ യുവതി നായയുടെ ഉടമസ്ഥന്റെ സുഹൃത്താണെന്ന് സിറ്റി അധികൃതര്‍ പറഞ്ഞു. ആക്രമണകാരിയായ വളര്‍ത്തുനായയെ കൊല്ലാന്‍ പിന്നീട് ഉത്തരവിടുകയായിരുന്നു. നായയെ കൊല്ലാന്‍ ഉടമ സമ്മതിക്കുകയും സ്വമേധയാ സിറ്റി അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.