സര്‍ക്കാര്‍ വേതനത്തിനും അലവന്‍സുകള്‍ക്കുമുള്ള ബജറ്റ് വര്‍ധിപ്പിക്കുന്നതിനാല്‍ കനേഡിയന്‍ സായുധ സേനയിലെ( CAF) അംഗങ്ങള്‍ക്ക് ഗണ്യമായ ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിലവില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സൈന്യത്തിന് അര്‍ഹിക്കുന്ന പെന്‍ഷനോട് കൂടിയ ശമ്പള വര്‍ധനവ് ലഭിക്കുമെന്ന് നാഷണല്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു. 2025 ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും വര്‍ധനവ് ലഭിക്കുക. നാവികര്‍, പ്രൈവറ്റ് സൈനികര്‍, ഏവിയേറ്റര്‍മാര്‍ എന്നിവര്‍ക്ക് 20 ശതമാനം ശമ്പള വര്‍ധന ലഭിക്കും. കൂടാതെ റിസര്‍വിസ്റ്റുകള്‍ക്ക് 13 ശതമാനവും അടിസ്ഥാന വേതന വര്‍ധന ലഭിക്കുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.
പുതിയ അംഗങ്ങളെ ആകര്‍ഷിക്കുക, നിലവിലുള്ള അംഗങ്ങളെ നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വേതന വര്‍ധന നടപ്പിലാക്കുന്നത്. അടുത്ത 12 മാസത്തിനുള്ളില്‍ ആനുകൂല്യ വര്‍ധനയും ബോണസുകളും നല്‍കുമെന്ന് കാര്‍ണി അറിയിച്ചു.
ശമ്പള വര്‍ധനയ്ക്ക് പുറമെ, സൈനികര്‍ക്ക് സേവന വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ വാര്‍ഷിക ലംപ്-സം പേയ്‌മെന്റ് ലഭിക്കും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ സേവനമനുഷ്ഠിച്ച റെഗുലര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്ക് 2,000 ഡോളര്‍ മുതല്‍ രണ്ട് പതിറ്റാണ്ടിലധികം സേവനമനിഷ്ഠിച്ച അംഗങ്ങള്‍ക്ക് 6,000 ഡോളര്‍ വരെയായിരിക്കും ലഭിക്കുക.