ഫിഫ ലോകകപ്പ്: വാന്‍കുവറിലും ടൊറന്റോയിലും വോളന്റിയര്‍ ജോലികള്‍ക്ക് അപേക്ഷിക്കാം 

By: 600002 On: Aug 12, 2025, 9:39 AM

 


2026 ഫിഫ ലോകകപ്പില്‍ വോളന്റിയര്‍ ജോലികള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു തുടങ്ങാം. ജൂണ്‍ 11 ന് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 65,000 വോളണ്ടിയര്‍മാരെയാണ് നിയമിക്കുന്നത്. കാനഡ, യുഎസ്, മെക്‌സിക്കോ എന്നിവടങ്ങളില്‍ ഓപ്പണ്‍ വോളന്റിയര്‍ ഗിഗ് ലഭ്യമാണ്. സ്‌റ്റേഡിയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി 23 ഓളം ഏരിയകളില്‍ വോളന്റിയര്‍മാരെ നിയമിക്കുമെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

കാനഡയില്‍ ടൊറന്റോയിലും വാന്‍കുവറിലുമാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ നഗരങ്ങളിലെ ഏരിയകളില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള വോളന്റിയര്‍മാര്‍ക്ക് അപേക്ഷകള്‍ അയച്ചു തുടങ്ങാം. 2026 ജൂണ്‍ 11 നും ജൂലൈ 19 നും ഇടയില്‍ വോളന്റിയര്‍മാര്‍ എട്ട് ഷിഫ്റ്റുകളില്‍ ജോലി ചെയ്യണം. സന്നദ്ധ സേവനത്തില്‍ മുന്‍കൂര്‍ പരിചയം ആവശ്യമില്ല. 

അപേക്ഷിക്കുന്ന സമയത്ത് 18 വയസില്‍ കൂടുതല്‍ പ്രായമുണ്ടായിരിക്കണം. ആതിഥേയ രാജ്യത്ത് സന്നദ്ധ സേവനം ചെയ്യാന്‍ യോഗ്യതയുണ്ടായിരിക്കണമെന്നും ഫിഫ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ മുതല്‍ ജോലിയില്‍ നിന്നും വിരമിച്ചവര്‍ക്ക് വരെ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വോളന്റിയര്‍ ജോലിക്ക് അപേക്ഷിക്കാം.