അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കാല്‍ഗറിയിലെ നിരത്തുകളിലൂടെ നൂറിലധികം എമിഷന്‍ ഫ്രീ ബസുകള്‍ സര്‍വീസ് നടത്തും. മുന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഗ്രാന്റില്‍ നിന്നുള്ള ധനസഹായത്തിന്റെ ഭാഗമായി കാല്‍ഗറി ട്രാന്‍സിറ്റ് 120 പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതായി സിറ്റി പ്രഖ്യാപിച്ചു. ദീര്‍ഘകാല വിതരണക്കാരായ നോവ ബസില്‍ നിന്ന് കനേഡിയന്‍ നിര്‍മിത നോവ എല്‍എഫ്എസ്ഇ+ ഇലക്ട്രിക് ബസുകള്‍ വാങ്ങുമെന്ന് സിറ്റി അറിയിച്ചു. ഇത് ചില പഴകിയ ഡീസല്‍ ഇന്ധന വാഹനങ്ങള്‍ക്ക് പകരമാവുകയും ട്രാന്‍സിറ്റിന്റെ സേവനങ്ങളുടെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബാന്‍ഫ്, ടൊറന്റോ, ഓട്ടവ എന്നിവടങ്ങളില്‍ ഇ-ബസുകള്‍ ഇതിനകം തന്നെ ഉപയോഗിച്ചുവരുന്നുണ്ട്. മുന്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിന്റെ കീഴില്‍, 2023 ജൂണില്‍ 259 ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനായി കാല്‍ഗറി സിറ്റിക്ക് 325 മില്യണ്‍ ഡോളര്‍ ധനസഹായം ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.