കാനഡയിലെ മോസ്റ്റ് വാണ്ടഡ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള പ്രതി മോണ്‍ട്രിയല്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായി

By: 600002 On: Aug 11, 2025, 12:12 PM

  

 

 

2022 മുതല്‍ സസ്‌ക്കാറ്റൂണില്‍ കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ക്ക് കാനഡയില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന 25 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കൊടുംഭീകരന്‍ മോണ്‍ട്രിയല്‍ വിമാനത്താവളത്തില്‍വെച്ച് അറസ്റ്റിലായി. വിദേശത്ത് നിന്നും കാനഡയിലേക്ക് മടങ്ങിവരുന്നതിനിടയിലാണ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ള ജോനാഥന്‍ ഔല്ലെറ്റ്-ജെന്‍ഡ്രോണ്‍ എന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിലായത്. കാനഡയിലുടനീളം പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകള്‍ പ്രകാരം, സ്യൂറെറ്റ് ഡു ക്യുബെക്ക് എയര്‍പോര്‍ട്ട് യൂണിറ്റ്, മാസ്‌കൗച്ച് മേജര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി എന്നിവയിലെ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച മോണ്‍ട്രിയലിലെ ട്രൂഡോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 

മെല്‍റോസ് അവന്യുവിലെ 700 ബ്ലോക്കില്‍ നടന്ന കൊലപാത കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് 36 കാരനായ ഔല്ലെറ്റ്-ജെന്‍ഡ്രോണിനെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

2023 മെയ് മാസത്തില്‍ കാനഡയിലെ ഏറ്റവും കൂടുതല്‍ തിരയുന്ന 25 കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ബോലോ പ്രോഗ്രാമില്‍ ഔല്ലെറ്റ്-ജെന്‍ഡ്രോണിന് പത്താം സ്ഥാനത്ത് ആയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2022 മെയ് മാസത്തില്‍ ജെന്‍ഡ്രോണ്‍ വെടിവെപ്പ് നടത്തിയതായും ഒരാള്‍ക്ക് പരുക്കേറ്റതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സസ്‌ക്കാറ്റൂണ്‍ പോലീസ് പറഞ്ഞു. പോലീസെത്തിയപ്പോഴേക്കും പരുക്കേറ്റ 29കാരനായ ബ്രാന്‍ഡന്‍ ബക്‌സാന്‍ഡാലിനെ മരിച്ചതായി കണ്ടെത്തി. 2022 മെയ് 24 ന് ബക്‌സാന്‍ഡാലിന്റെ മരണത്തില്‍ ഔല്ലെറ്റ്-ജെന്‌ഡ്രോണിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി പോലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത്.