ലിപ്സ്റ്റിക് പോൺസി സ്കീമിൻ്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ  ടൊറൻ്റോ സ്വദേശിനിക്ക്  നാല് വർഷം തടവും 610,856 ഡോളർ പിഴയും ശിക്ഷ

By: 600110 On: Aug 11, 2025, 11:39 AM

 

കാനഡയിൽ  ലിപ്സ്റ്റിക് പോൺസി സ്കീമിൻ്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ  ടൊറൻ്റോ സ്വദേശിനി
 ഗ്ലെൻഡ മേരി എസ്റ്റീവ്സിന്  നാല് വർഷം തടവും 610,856 ഡോളർ പിഴയും കോടതി ശിക്ഷ വിധിച്ചു. നഗരത്തിലെ ഫിലിപ്പിനോ സമൂഹത്തിൽ നിന്നുള്ള ഇരകൾക്ക് ആകെ അഞ്ച് മില്യൺ ഡോളർ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. തട്ടിപ്പിന് ഇരയായവർക്ക്  ദശലക്ഷക്കണക്കിന് ഡോളർ ആണ് നഷ്ടമായത്.  

തടവ് ശിക്ഷ അവസാനിച്ച് അഞ്ച് വർഷത്തിനുള്ളിൽ ഒൻ്റാരിയോ കോടതി ഓഫ് ജസ്റ്റിസ് ചുമത്തിയ പിഴ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഗ്ലെൻഡ മേരി എസ്റ്റീവ്സ് 18 മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം.  എസ്റ്റീവ്‌സ് തൻ്റെ തട്ടിപ്പിന് ഇരയായ ഓരോ വ്യക്തിയുടെയും സാമ്പത്തിക നഷ്ടത്തിന് പൂർണ്ണമായും ഉത്തരവാദിയാണെന്നും വഞ്ചനയിലൂടെ നേടിയ ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ഏക ഗുണഭോക്താവ് അവരായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. 
 ഇരകൾക്ക് ഉണ്ടായ വ്യക്തിപരമായ നഷ്ട‌ങ്ങൾ 8,750 ഡോളർ മുതൽ 273,578.15 ഡോളർ വരെ ആയിരുന്നു എന്നും ജഡ്‌ജി പറഞ്ഞു. സാമ്പത്തിക നഷ്ടത്തിന് പുറമെ ഇരകളിൽ പലരും മാനസികമായും തളരുകയും രോഗികളായി മാറിയതായും കോടതി വിലയിരുത്തി. നാല് വർഷം മുൻപായിരുന്നു തട്ടിപ്പ് അരങ്ങേറിയത്. മാക് ഗ്ലാമർ എന്ന പേരിൽ കമ്പനി രൂപീകരിച്ച് ലിപ് സ്റ്റിക് നിർമ്മിക്കുമെന്ന് അറിയിച്ച് ഒട്ടേറെപ്പേരിൽ നിന്നും നിക്ഷേപം സ്വീകരിക്കുകയായിരുന്നു ഗ്രെൻഡ ചെയ്തത്. എന്നാൽ ലിപ് സ്റ്റിക് നിർമ്മിക്കാതെ പോൺസി സ്കീം പോലെ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് പിടിക്കപ്പെടുകയായിരുന്നു.