ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ. ഗാസയില്‍ വന്‍ തോതില്‍ സൈനിക നടപടി ആരംഭിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്. ഇസ്രയേലി സെക്യൂരിറ്റി ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എതിര്‍ക്കുന്നതായി കാനഡ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ അറിയിച്ചു.
ഗാസയിലെ സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലും പട്ടിണിയിലുമാണെന്നും ഇസ്രയേല്‍ പദ്ധതി സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്നും വിദേശകാര്യ മന്ത്രിമാര്‍ ആരോപിക്കുന്നു. ഈ നീക്കം സാധാരണ ജനങ്ങളുടെ കൂട്ടപലായനത്തിലേക്കും തടവിലാക്കപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാക്കാനും മാത്രമേ സഹായിക്കൂവെന്നും അവര്‍ പറഞ്ഞു. ഗാസ പിടിച്ചെടുക്കാനോ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനോ ഉള്ള ശ്രമം രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി.