വാന്‍കുവറില്‍ പല്ലെടുത്ത് കണ്ണില്‍ വെച്ച് അത്യപൂര്‍വ്വ ശസ്ത്രക്രിയ; കനേഡിയന്‍ സ്ത്രീക്ക് കാഴ്ച തിരിച്ചുകിട്ടി  

By: 600002 On: Aug 9, 2025, 1:01 PM




ഒരു പതിറ്റാണ്ടായി ഗെയില്‍ ലെയ്ന്‍ എന്ന കനേഡിയന്‍ സ്ത്രീ അന്ധയായിരുന്നു. എന്നാല്‍ വാന്‍കുവറില്‍ നടന്ന അത്യപൂര്‍വ്വമായ ശസ്ത്രക്രിയയ്ക്ക് ശേഷം ലെയ്‌നിന് കാഴ്ചശക്തി തിരിച്ചുകിട്ടി. കണ്ണില്‍ പല്ല് വെച്ച് നടത്തിയ അത്യപൂര്‍വ്വമായൊരു ശസ്ത്രക്രിയ. കാനഡയില്‍ അത് ആദ്യമായാണ് പല്ലെടുത്ത് കണ്ണില്‍ വെച്ചുള്ള അപൂര്‍വ്വ ശസ്ത്രക്രിയ നടന്നത്. എന്നാല്‍ ഇറ്റലിയില്‍ അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈ ശസ്ത്രക്രിയ ആരോഗ്യ മേഖലയില്‍ പുതു ചരിത്രം കുറിച്ചിരുന്നു. 

വാന്‍കുവറിലെ മൗണ്ട് സെയ്ന്റ് ജോസഫ് ആശുപത്രിയില്‍ വെച്ച് ഫെബ്രുവരി അവസാനത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ കോമ്പല്ലെടുത്ത് ഇതിനുള്ളില്‍ പ്ലാസ്റ്റിക് ഒപ്റ്റിക്കല്‍ ലെന്‍സ് വെച്ച ശേഷം ഈ ഘടനയെ പൂര്‍ണമായും കണ്ണിലേക്ക് മാറ്റുന്നതാണ് ശസ്ത്രക്രിയ. ഇതിന്റെ ആദ്യഘട്ടമാണ് പൂര്‍ത്തിയായതെന്ന് ആശുപത്രി അധികൃതര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഗെയ്ല്‍ ലെയ്‌നിന്റെ പല്ല് പുറത്തെടുത്ത് അത് ചതുരാകൃതിയിലാക്കി അതിനൊരു ദ്വാരം ഉണ്ടാക്കും. ഇതിലേക്ക് ഒരു പ്ലാസ്റ്റിക് ഒപ്റ്റിക്കല്‍ ലെന്‍സ് കടത്തും. ഈ പല്ല് മൂന്ന് മാസം കാലം ലെയ്‌നിന്റെ കവിളില്‍ ഘടിപ്പിക്കും. ഇതാണ് ആദ്യ ഘട്ടം. ഈ ശസ്ത്രക്രിയയ്ക്ക് ആറ് മണിക്കൂര്‍ സമയമെടുക്കും. 

മൂന്ന് മാസത്തിന് ശേഷം കവിളില്‍ നിന്നും പല്ലെടുത്ത് കണ്ണിന്റെ മുന്‍ഭാഗത്തായി ഘടിപ്പിക്കും. പിങ്ക് കളറിലുള്ള കണ്ണും കറുത്ത വൃത്തവുമാണ് രോഗിക്ക് ലഭിക്കുക. സങ്കീര്‍ണമായ ശസ്ത്രക്രിയയാതിനാല്‍ ഒരു കണ്ണില്‍ മാത്രമാണ് ഇത് ചെയ്യുകയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.