ഒൻ്റാരിയോയ്ക്കും ആൽബെർട്ടയ്ക്കും ഇടയിൽ പുതിയ പൈപ്പ്‌ലൈനുകൾ, റെയിൽ ലൈനുകൾ എന്നിവയ്ക്കായി പഠനം നടത്താനൊരുങ്ങി ഒൻ്റാരിയോ സർക്കാർ. ആൽബെർട്ടയിൽ നിന്ന് എണ്ണയും വാതകവും കൊണ്ടുവരുന്നതിനായി പുതിയ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കാനാണ് ഒൻ്റാരിയോ സർക്കാരിൻ്റെ നീക്കം. ഇതിൻ്റെ സാധ്യതാ പഠനത്തിനായുള്ള നടപടികൾ തുടങ്ങി.
ഒൻ്റാരിയോ, ആൽബെർട്ട, സസ്‌കാച്ചെവൻ എന്നീ പ്രവിശ്യകൾ തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കുന്നത്. ഒൻ്റാരിയോയിലെ നിർണായക ധാതുക്കൾ പടിഞ്ഞാറൻ കാനഡയിലെ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള റെയിൽ ലൈനുകളും നിർമ്മിക്കാൻ പദ്ധതിയുണ്ട്. കാനഡയ്ക്ക് കൂടുതൽ ഊർജ്ജ സുരക്ഷ കൈവരിക്കുന്നതിനായാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഊർജസുരക്ഷയ്ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ ഇനി കഴിയില്ലെന്നും കാനഡയുടെ ഊർജ്ജ ലഭ്യതയിൽ സ്ഥിരത ഉറപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ പൈപ്പ്‌ലൈനുകളും റെയിൽ ലൈനുകളും ആവശ്യമാണെന്നും ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. ആൽബെർട്ട-ഒൻ്റാരിയോ ഊർജ്ജ ഇടനാഴിയിലൂടെ ആൽബെർട്ടയുടെ എണ്ണയും വാതകവും രാജ്യത്തുടനീളവും ലോകമെമ്പാടുമുള്ള വിപണികളിൽ എത്തിക്കാൻ കഴിയുമെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.