ഓഗസ്റ്റ് മാസം അവധിക്കാലം ആഘോഷിക്കുന്നവര്‍ നദികളില്‍ ഇറങ്ങി വേനല്‍ക്കാല കാലാവസ്ഥ ആസ്വദിക്കും. എന്നാല്‍ ഇത് അപകടങ്ങളിലേക്ക് വഴിവെച്ചേക്കുമെന്ന് അധികൃതര്‍ പറയുന്നു. അതിനാല്‍ നദികളില്‍ ഇറങ്ങാന്‍ ആഗ്രഹിക്കുന്നവരും വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രേമികളും ലൈഫ് ജാക്കറ്റ് അല്ലെങ്കില്‍ പേഴ്‌സണല്‍ ഫ്‌ളോട്ടേഷന്‍ ഡിവൈസ് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്ന് സിറ്റി അറിയിച്ചു. നിയമം കര്‍ശനമാക്കിയതായി എഡ്മന്റണ്‍ സിറ്റി പറഞ്ഞു.
2025 മെയ് 12 മുതല്‍ നിയമം പ്രാബല്യത്തിലുണ്ട്. എന്നാല്‍ നിയമം പാലിക്കാന്‍ മിക്കവരും തയാറാകുന്നില്ല. അതിനാലാണ് നിയമം ഈ മാസം മുതല്‍ കര്‍ശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. ബോട്ടുകള്‍, കനോയികള്‍, കയാക്കുകള്‍, പാഡില്‍ബോര്‍ഡുകള്‍, പൂള്‍ ഫ്‌ളോട്ട് എന്നിവ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ലൈഫ് ജാക്കറ്റ് ധരിക്കാത്തവര്‍ക്ക് 250 ഡോളറാണ് പിഴ ഈടാക്കുക. എന്നാല്‍ വാട്ടര്‍ക്രാഫ്റ്റില്‍ ലൈഫ് പ്രിസര്‍വര്‍ ഉണ്ടോ ഇല്ലെയോ എന്നതിനെ ആശ്രയിച്ച് പിഴത്തുക വ്യത്യാസപ്പെട്ടേക്കാം. ഈ വര്‍ഷം ഇതുവരെ ലൈഫ് ജാക്കറ്റ് ധരിക്കാത്തതിന് റേഞ്ചര്‍മാര്‍ ഒരു പിഴ മാത്രമാണ് ഈടാക്കിയിട്ടുള്ളൂ. എന്നാല്‍ ലൈഫ് ജാക്കറ്റ് ധരിക്കാത്ത ആളുകള്‍ക്ക് 473 ഓളം മുന്നറിയിപ്പുകളാണ് നല്‍കിയതെന്ന് സിറ്റി അറിയിച്ചു.