കാനഡയില്‍ നിന്ന് ദുബായിലേക്കോ യുഎഇയിലെ മറ്റെവിടെയെങ്കിലേക്കുമോ യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളും തീവ്രവാദ ഭീഷണിയും ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ മഞ്ഞ ജാഗ്രതയാണ് കാനഡ പുറപ്പെടുവിച്ചിരിക്കുന്നത്. യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയിലെ സുരക്ഷാ സ്ഥിതി പ്രവചനാതീതമായി തുടരുകയാണ്. സ്ഥിതി വഷളായാല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വ്യോമാതിര്‍ത്തി അടച്ചേക്കുമെന്നും യാത്രാ തടസ്സങ്ങള്‍ക്ക് കാരണമാകുമെന്നും കാനഡ മുന്നറിയിപ്പ് നല്‍കുന്നു.
തീവ്രവാദ ഗ്രൂപ്പുകള്‍ യുഎഇയെ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായുള്ള സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍, പ്രത്യേകിച്ച് ജൂത, ഇസ്രയേലി ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് രാജ്യം സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.