മനുഷ്യ ഹൃദയ ഗവേഷണത്തിനായി ഒന്റാരിയോ ലണ്ടനിലെ ആശുപത്രിയില്‍ നായ്ക്കുട്ടിക്കളെ രഹസ്യമായി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

By: 600002 On: Aug 8, 2025, 10:57 AM

 


മനുഷ്യ ഹൃദയ ഗവേഷണങ്ങള്‍ക്കായി ഒന്റാരിയോയിലെ ആശുപത്രിയില്‍ നായ്ക്കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കി കൊല്ലുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ലണ്ടന്‍ ഒന്റാരിയോയിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിലാണ് ഗവേഷണത്തിനായി നായ്ക്കുട്ടികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നത്. മനുഷ്യരില്‍ ഹൃദയാഘാതം എങ്ങനെ സുഖപ്പെടുത്താം എന്നതിനെക്കുറിച്ച് പഠിക്കുന്ന ആശുപത്രിയിലെ ലോസണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നായ്ക്കളെ സ്റ്റാന്‍ഡ്-ഇന്നായി ഉപയോഗിക്കുന്നു. മൃഗങ്ങളില്‍ മൂന്ന് മണിക്കൂര്‍ വരെ ഹൃദയാഘാതമുണ്ടാകുമെന്നും തുടര്‍ന്ന് അവയെ കൊന്ന് ഹൃദയം നീക്കം ചെയ്യുന്നുവെന്നും നിലവില്‍ അവിടെ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. 

ആശുപത്രിയുടെ ഈ ദീര്‍ഘകാല ഡോഗ് റിസര്‍ച്ച് പ്രോഗ്രാം പൊതുജനങ്ങളില്‍ നിന്നും രോഗികളില്‍ നിന്നും ആശുപത്രി മറച്ചുവെച്ചിരിക്കുകയായിരുന്നു. 

അതേസമയം, പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന മെഡിക്കല്‍ സേവനത്തില്‍ നായകളെ ധാര്‍മ്മികമായി പരിഗണിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പൊതുജന ധനസഹായത്തോടെ നടത്തുന്ന ഗവേഷണം അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചയ്തിട്ടുണ്ടെന്നും ആശുപത്രി പറയുന്നു. എന്നാല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ബ്യൂറോ(ഐജെബി) അഭിമുഖം നടത്തിയ ചില വിദഗ്ധര്‍ പറയുന്നത് ഈ പരീക്ഷണങ്ങളില്‍ നായ്ക്കളെ ഉപയോഗിക്കുന്നത് അധാര്‍മികമാണെന്നാണ്. 

യുഎസില്‍ നിന്നുള്ള പല ബ്രീഡുകളില്‍ നിന്നുള്ള നായ്ക്കുട്ടികളെ ആശുപത്രിയിലേക്ക് പരീക്ഷണത്തിനായി എത്തിക്കുന്നുണ്ട്. പരീക്ഷണശാലയില്‍ എത്തിക്കുന്ന നായ്ക്കളുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. ഏപ്രിലില്‍ സെന്റ് ജോസഫ്‌സില്‍ IJB ചിത്രീകരിച്ച വീഡിയോകളില്‍ ആശുപത്രിയിലേക്ക് രഹസ്യമായി വെളുത്ത വാനില്‍ നായ്ക്കുട്ടികളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എത്തിക്കുന്നത് കാണാം. പരീക്ഷണശാലയ്ക്ക് ചുറ്റും കുറഞ്ഞത് അഞ്ചോ ആറോ പേരെങ്കിലും സുരക്ഷയ്ക്കായി ഉണ്ടാകും. ആരും പരിസരത്തേക്ക് പ്രവേശിക്കുന്നില്ലെന്ന് അവര്‍ ഉറപ്പാക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രിയിലെ ആറാം നിലയിലാണ് പരീക്ഷണങ്ങള്‍ക്കായി നായ്ക്കുട്ടുകളെ എത്തിക്കുക. വിവിധ നടപടിക്രമങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം നായ്ക്കുട്ടികളെ കൊല്ലുകയും കൂടുതല്‍ പഠനത്തിനായി അവയുടെ ഹൃദയങ്ങള്‍ നീക്കം ചെയ്യുകയുമാണ് ചെയ്യുക. 

കാനഡയില്‍ എല്ലാ വര്‍ഷവും ആയിരക്കണക്കിന് നായകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 നും 2023 നും ഇടയില്‍ ഡോഗ് ടെസ്റ്റിംഗ് ഇരട്ടിയായി. 2023 ല്‍ മാത്രം കനേഡിയന്‍ കൗണ്‍സില്‍ ഓണ്‍ അനിമല്‍ കെയര്‍(CCAC)  സാക്ഷ്യപ്പെടുത്തിയ ഗവേഷണ പഠനങ്ങളില്‍ ഉപയോഗിച്ച നായ്ക്കളുടെ എണ്ണം 16,000 ആയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.