മയക്കുമരുന്ന്, മദ്യം, ആത്മഹത്യ എന്നിവയെക്കുറിച്ച് കൗമാരക്കാർക്ക് ചാറ്റ് ജിപിടി അപകടകരമായ വിവരങ്ങൾ നൽകുന്നതായി പുതിയ പഠനം

By: 600110 On: Aug 7, 2025, 3:15 PM

 

മയക്കുമരുന്ന്, മദ്യം, ആത്മഹത്യ എന്നിവയെക്കുറിച്ച് കൗമാരക്കാർക്ക് ചാറ്റ് ജിപിടി അപകടകരമായ വിവരങ്ങൾ നൽകുന്നതായി  പുതിയ പഠനം. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് എങ്ങനെ മദ്യപിക്കാമെന്നും ലഹരി ഉപയോഗിക്കാമെന്നും, മാതാപിതാക്കൾക്ക് ഹൃദയഭേദകമായ ആത്മഹത്യാക്കുറിപ്പ് എങ്ങനെ എഴുതാമെന്നും ചാറ്റ്ജിപിടി പഠിപ്പിക്കുമെന്ന് ഒരു വാച്ച്‌ഡോഗ് ഗ്രൂപ്പിൻ്റെ പുതിയ ഗവേഷണത്തിൽ കണ്ടെത്തി.

ചാറ്റ്ജിപിടിയും കൗമാരക്കാരെന്ന വ്യാജേന വിവരങ്ങൾ ആവശ്യപ്പെട്ട ഗവേഷകരും തമ്മിലുള്ള മൂന്ന് മണിക്കൂറിലധികം നീണ്ട ആശയവിനിമയങ്ങൾ ക്രോഡീകരിച്ചാണ്  അസോസിയേറ്റഡ് പ്രസ്സ് പുതിയ നിഗമനത്തിൽ എത്തിയത്.   അപകടകരമായ പ്രവർത്തനങ്ങൾക്കെതിരെ ചാറ്റ്ബോട്ടുകൾ സാധാരണ മുന്നറിയിപ്പുകൾ നൽകുക പതിവാണ്. എന്നാൽ മയക്കുമരുന്ന് ഉപയോഗം, കലോറി നിയന്ത്രിത ഭക്ഷണക്രമങ്ങൾ, സ്വയം പരിക്കേൽപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വിശദവിവരങ്ങളാണ് നൽകിയതെന്ന് കണ്ടെത്തി. സെൻ്റർ ഫോർ കൗണ്ടറിംഗ് ഡിജിറ്റൽ ഹേറ്റിലെ ഗവേഷകരും വലിയ തോതിൽ  അന്വേഷണങ്ങൾ നടത്തിയിരുന്നു. ഇതിലൂടെ  ChatGPTയിൽ നിന്നും ലഭിച്ച പകുതിയിലധികം വിവരങ്ങളും അപകടകരമാണെന്ന് ഇവർ അറിയിച്ചു. ക്രൈസിസ് ഹോട്ട്‌ലൈൻ പോലുള്ള സഹായകരമായ വിവരങ്ങളും ചാറ്റ്ബോട്ട് ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പഠനത്തിലെ കണ്ടെത്തലുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ചാറ്റ് ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐയും രംഗത്തെത്തിയിട്ടുണ്ട്. സെൻസിറ്റീവ് സാഹചര്യങ്ങൾ തിരിച്ചറിയാനും ഉചിതമായി പ്രതികരിക്കാനും കഴിയും വിധം ചാറ്റ്ബോട്ടുകൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ഓപ്പൺഎഐ വ്യക്തമാക്കിയത്.