ചില ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉല്പ്പന്നങ്ങളും തിരിച്ചുവിളിച്ച് കനേഡിയൻ സർക്കാർ

By: 600110 On: Aug 7, 2025, 2:51 PM

കാനഡയിൽ ചില ബ്രാൻഡുകളുടെ പിസ്തയും പിസ്ത അടങ്ങിയ ഉല്പ്പന്നങ്ങളും തിരിച്ചുവിളിച്ചു. അണുബാധകളെ തുടർന്നാണ് ദുബായ് പിസ്ത,  കുനാഫ മിൽക്ക് ചോക്ലേറ്റ് തുടങ്ങിയ ഉല്പ്പന്നങ്ങൾ തിരിച്ചുവിളിച്ചത്. ഇവ കഴിച്ചതിന് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും നിരവധി  സാൽമൊണെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.  

ഹബീബി , അൽ മൊഖ്താർ ഫുഡ് സെൻ്റർ , ദുബായ് എന്നീ ബ്രാൻഡുകളിൽ നിന്നുള്ള ചില ഉൽപ്പന്നളാണ്  തിരിച്ചുവിളിക്കാൻ നിർദ്ദേശം നല്കിയിട്ടുള്ളത്. ഒൻ്റാരിയോയിലും ക്യൂബെക്കിലും മാത്രമാണ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തിട്ടുള്ളതെങ്കിലും, ചിലത് ഓൺലൈനിൽ വിൽക്കുകയോ ബേക്ക് ചെയ്ത ചില സാധനങ്ങളിൽ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ട്. നാല് പ്രവിശ്യകളിലായി 52 സാൽമൊണെല്ല കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.  മാർച്ച് ആദ്യവും  ജൂലൈ മധ്യത്തിനും ഇടയിലാണ് ഈ രോഗങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു. ക്യൂബെക്കിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.  39 എണ്ണം. ഒൻ്റാരിയോയിൽ ഒമ്പത്, ബ്രിട്ടീഷ് കൊളംബിയയിൽ മൂന്ന്, മാനിറ്റോബയിൽ ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ.