കാനഡയിലുടനീളം സാല്‍മൊണല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ വിവിധ ബ്രാന്‍ഡുകളിലുള്ള പിസ്ത ഉല്‍പ്പന്നങ്ങള്‍ കഴിച്ച 52 പേര്‍ക്ക് സാല്‍മൊണല്ല രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ അറിയിച്ചു. സാല്‍മൊണല്ല അണുബാധ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഏജന്‍സി വ്യക്തമാക്കി.
ക്യുബെക്കില്‍ 39 പേര്‍ക്കും, ഒന്റാരിയോയില്‍ 9 പേര്‍ക്കും, ബീസിയില്‍ രണ്ട് പേര്‍ക്കും, മാനിറ്റോബയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അണുബാധ സ്ഥിരീകരിച്ചവരില്‍ 75 ശതമാനം സ്ത്രീകളാണ്. രണ്ട് വയസ് മുതല്‍ 89 വയസ് വരെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്.
ഹബീബി, അല്‍ മൊഖ്താര്‍ ഫുഡ് സെന്റര്‍, ദുബായ് എന്നീ ബ്രാന്‍ഡുകളുടെ പിസ്ത ഉല്‍പ്പന്നങ്ങളാണ് രോഗ ബാധയ്ക്ക് കാരണമായതെന്ന് പിഎച്ച്എസി അറിയിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ, വില്‍ക്കുകയോ ചെയ്യരുതെന്നും ഇവ കൈവശം ഉള്ളവര്‍ തിരികെ നല്‍കുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.