അപകടത്തില്‍പ്പെടുന്നവരെ തട്ടിപ്പ് നടത്തി കബളിപ്പിക്കുന്ന ടോ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആല്‍ബെര്‍ട്ട. അപകടസ്ഥലങ്ങളില്‍ മുന്നറിയിപ്പില്ലാതെ അതിക്രമിച്ചു കയറി വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോവുക, വാഹന ഉടമകള്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കാതിരിക്കുക, അപകടത്തില്‍പ്പെട്ടവരെ സാമ്പത്തികമായി ചൂഷണം ചെയ്യുക തുടങ്ങി ടോ ട്രക്ക് ഡ്രൈവര്‍മാര്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് ശിക്ഷാനടപടികള്‍ അവതരിപ്പിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ അറിയിച്ചു. അപകടത്തില്‍പ്പെടുന്ന വാഹന ഉടമകള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാതെയും അമിത ഫീസ് ഈടാക്കിയും വാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ചെറിയ വിഭാഗം ടോ ട്രക്ക് ഡ്രൈവര്‍മാരാണുള്ളത്. അവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ആല്‍ബെര്‍ട്ട ഗതാഗത മന്ത്രി ഡെവിന്‍ ഡ്രീഷെന്‍ പറഞ്ഞു. നിയമലംഘനം നടത്തുന്നവര്‍ക്ക് 1000 ഡോളര്‍ പിഴ ചുമത്തും.
വെള്ളിയാഴ്ച മുതല്‍ വാഹനാപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ക്ക് ചുറ്റും 200 മീറ്റര്‍ പരിധിയില്‍ ടോ ട്രക്ക് ഡ്രൈവര്‍മാര്‍ അവരുടെ സര്‍വീസ് ഉപയോഗിക്കുന്നത് തടയാന്‍ പ്രത്യേക മേഖലകള്‍ ഏര്‍പ്പെടുത്തും. പോലീസോ ഡ്രൈവറോ ആവശ്യപ്പെടാതെ ടോ ട്രക്ക് ഓപ്പറേറ്റര്‍മാര്‍ക്ക് ആ മേഖലയില്‍ പോകാന്‍ കഴിയില്ല. എഡ്മന്റനും കാല്‍ഗറിയും നേരത്തെ തന്നെ ടോ ട്രക്ക് ഡ്രൈവര്‍മാരെ നിയന്ത്രിക്കാനുള്ള നടപടികള്‍ അവതരിപ്പിച്ചിരുന്നു.
ജനങ്ങളെ കൊള്ളയടിക്കുന്ന ടോ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരെ നിരവധി അറസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ചില കേസുകളില്‍ സംഘടിത കുറ്റകൃത്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും എഡ്മന്റണ്‍ പോലീസ് പറഞ്ഞു.