സുരക്ഷാ പ്രശ്‌നം: കാനഡയില്‍ ഡെല്‍ ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി 

By: 600002 On: Aug 6, 2025, 2:15 PM

 

ഡെല്‍ ലാപ്‌ടോപ്പ് സിസ്റ്റത്തിലുണ്ടായ പിഴവ് കാരണം വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താനും നിരീക്ഷിക്കാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. കമ്പനിയുടെ 100 ലധികം ലാപ്‌ടോപ്പ് മോഡലുകളെ ഈ പിഴവ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാനഡയില്‍  ഡെല്‍ ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.

പാസ്‌വേഡുകള്‍, ബയോമെട്രിക് ഡാറ്റ, സെക്യൂരിറ്റി കോഡുകള്‍ എന്നിവ സൂക്ഷിക്കുന്നതും ഫിംഗര്‍പ്രിന്റ്, സ്മാര്‍ട്ട്കാര്‍ഡ്, നിയര്‍-ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡ്രൈവറുകള്‍, ഫേംവെയര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതുമായ കമ്പ്യൂട്ടറിലെ ഒരു ചിപ്പില്‍ നിന്നാണ് പ്രശ്‌നം ഉടലെടുത്തത്. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ എളുപ്പമായെന്ന് അധികൃതര്‍ പറയുന്നു. 

അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപയോക്താക്കള്‍ സുരക്ഷിതരമാണെന്ന് കമ്പനി വ്യക്തമാക്കി. റോയിറ്റേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പിഴവുണ്ടായ ചിപ്പ് Broadcom BCM5820X  ആയിരുന്നു. ഡെല്‍ അതിന്റെ കണ്‍ട്രോള്‍വാള്‍ട്ട് സോഫ്റ്റ്‌വെയറില്‍ ഈ ചിപ്പ് ഉപയോഗിച്ചിരുന്നു.