കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശന പരിധിയില്‍ വന്‍ ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. 2024 ല്‍ കാനഡ 268,000 ല്‍ താഴെ പുതിയ പഠന അനുമതികള്‍ മാത്രമാണ് നല്‍കിയത്. ഇത് പുതിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യം ഏര്‍പ്പെടുത്തിയ പരിധിയുടെ ആദ്യ വര്‍ഷത്തെ ലക്ഷ്യത്തേക്കാള്‍ വളരെ കുറവാണ്. ഐആര്‍സിസി ICEF Monitor ന് സമര്‍പ്പിച്ച ഡാറ്റ പ്രകാരം, 2024 ല്‍ നല്‍കിയ പുതിയ പഠന അനുമതികളുടെ ആകെ എണ്ണം 267,890 ആയിരുന്നു. ഇത് 2023 ലെ നിരക്കില്‍ നിന്നും 48 ശതമാനം കുറവാണ്. ഐആര്‍സിസിയുടെ ലക്ഷ്യത്തേക്കാള്‍ ഏകദേശം 100,000 കുറവാണ് അനുമതി. 2024 ജനുവരിയിലാണ് ഐആര്‍സിസി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പുതിയ പഠന പെര്‍മിറ്റിന് രണ്ട് വര്‍ഷത്തെ പരിധി പ്രഖ്യാപിച്ചു.
രാജ്യത്തുടനീളമുള്ള കനേഡിയന്‍ സ്ഥാപനങ്ങള്‍ വിദേശി വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് ഐസിഇഎഫ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, കനേഡിയന്‍ സര്‍വകലാശാലകളിലും കോളേജുകളിലും ഇതുവരെ 8,580 തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏകദേശം 60 ശതമാനം ഒന്റാരിയോയിലെ പൊതു കോളേജുകളിലാണ്.