ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ നിര്‍മ്മിച്ച നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്തു. മിസിസാഗയിലെ ഹിന്ദു ഹെറിറ്റേജ് സെന്റര്‍ ഗ്രൗണ്ടിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ ഫെഡറല്‍ കാബിനറ്റ് മന്ത്രിമാരും ഹൗസ് ഓഫ് കോമണ്‍സ് പ്രതിപക്ഷ നേതാവും പതിനായിരക്കണക്കിന് ഭക്തരും പങ്കെടുത്തു. വിമെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാലിറ്റി മിനിസ്റ്റര്‍ റെച്ചി വാല്‍ഡെസ്, ട്രഷറി ബോര്‍ഡ് പ്രസിഡന്റ് ഷഫ്ഖത്ത് അലി, ഇന്റര്‍നാഷണല്‍ ട്രേഡ് മിനിസ്റ്റര്‍ മനീന്ദര്‍ സിദ്ദു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മറ്റ് രാഷ്ട്രീയ, സാമൂഹിക രംഗത്തെ നേതാക്കളും പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ടൊറന്റോയിലെ ആക്ടിംഗ് കോണ്‍സല്‍ ജനറല്‍ കപിധ്വജ പ്രതാപ് സിംഗ് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
ഏഴടി ഉയരമുള്ള പീഠവും, ഭാവിയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന കുടയും ഉള്‍പ്പെടുത്താതെ പ്രതിമയ്ക്ക് 51 അടി ഉയരമുണ്ടാകുമെന്ന് സെന്ററിന്റെ സ്ഥാപകനും മുഖ്യ പുരോഹിതനുമായ ആചാര്യ സുരീന്ദര്‍ ശര്‍മ്മ ശാസ്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ രൂപകല്‍പ്പന ചെയ്ത പ്രതിമ ഫൈബര്‍ഗ്ലാസ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശാസ്ത്രി പറയുന്നു.