കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാനഡയിലും അമേരിക്കയിലും ലൈം രോഗം ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ടിക്ക്(ചെള്ള്) വഴി പകരുന്ന പകര്‍ച്ചവ്യാധി സെലിബ്രിറ്റികള്‍ക്കിടയിലും വ്യാപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ഗായകന്‍ ജസ്റ്റിന്‍ ടിംബര്‍ലേക്ക് തനിക്ക് രോഗം ബാധിച്ചതായി അറിയിച്ചിരുന്നു. ലൈം രോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കഠിനമായി മാറാറുണ്ട്. സമീപ വര്‍ഷങ്ങളില്‍ കനേഡിയന്‍ സംഗീതജ്ഞരായ ജസ്റ്റിന്‍ ബീബര്‍, അവ്രില്‍ ലാവിഗ്നെ, ഷാനിയ ട്വെയ്ന്‍ എന്നിവരും രോഗം പിടിപെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇത് വര്‍ഷങ്ങളോളം നിലനില്‍ക്കുകയും ചെയ്യും.
ഉയര്‍ന്ന താപനിലയില്‍ ടിക്കുകള്‍ പെരുകും. രോഗബാധിതരായ ടിക്കുകളുടെ കടിയിലൂടെ ലൈം രോഗം മനുഷ്യരിലേക്ക് പടരുന്നു. താപനില പൂജ്യത്തിന് മുകളില്‍ ആയിരിക്കുമ്പോഴും തണുപ്പ് കുറഞ്ഞുതുടങ്ങുമ്പോഴും ടിക്കുകള്‍ സജീവമാകുമെന്നും ഇത് സമ്മര്‍ സീസണ്‍ മുഴുവന്‍ അപകടസാധ്യത സൃഷ്ടിക്കുമെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പ് നല്‍കുന്നു.
കാനഡയില്‍ ലൈം രോഗ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ(PHAC) പറയുന്നു. 2024 ല്‍ രാജ്യത്ത് 5,239 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ദശാബ്ദം മുമ്പ് 2014 ല്‍ 522 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുള്ളൂ. അതേസമയം, യുഎസില്‍ 2023 ല്‍ 89,470 ലൈം ഡിസീസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) പറയുന്നു. 2013 ല്‍ 36,308 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതും കാലാവസ്ഥാ വ്യതിയാനവും ടിക്കുകള്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ലൈം രോഗത്തെക്കുറിച്ചുള്ള ആളുകളുടെ അവബോധത്തിന്റെ കുറവും രോഗം വര്‍ധനയ്ക്ക് കാരണമായതായി പിഎച്ച്എസി ചൂണ്ടിക്കാട്ടുന്നു.