‘നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണം’; പ്രോസിക്യൂഷന് കത്ത് നൽകി തലാലിന്റെ സഹോദരൻ

By: 600007 On: Aug 4, 2025, 3:31 PM

 

 

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്തയച്ച് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി. ഇതുവരെ നടന്ന എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവച്ചിട്ട് അരമാസം പിന്നിടുവെന്നും കത്തിൽ പരാമർശിക്കുന്നു. സമൂഹമാധ്യമത്തിലൂടെ കത്തിൻ്റെ പകർപ്പും അദ്ദേഹം പങ്കുവച്ചു. 

പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും മുന്നോട്ട് പോകുമെന്നും വധശിക്ഷ നടപ്പിലാക്കണമെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും സമൂഹമാധ്യമത്തിൽ മെഹ്‌ദി കുറിച്ചു. “നീതിയിലേക്കുള്ള പാത നന്നായി അറിയാം. പ്രതികാരം ചെയ്‌താൽ മാത്രമേ അടിച്ചമർത്തപ്പെട്ടവരുടെ അന്തസ് വീണ്ടെടുക്കാൻ കഴിയൂ. ആരുടെയും ശുപാർശയ്‌ക്കോ അനുവാദത്തിനോ കാത്തിരിക്കുന്നില്ല. മുറിവേറ്റ മനസോടെയാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. പ്രതിബന്ധങ്ങൾ എത്ര തീവ്രമായാലും ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങളുടെ പാത വ്യക്തമാണ്, ഞങ്ങളുടെ നിലപാട് ഉറച്ചതാണ്. പ്രതികാരം ഞങ്ങളുടെ മാത്രം ആവശ്യമാണ്…” എന്ന് മെഹ്‌ദി സമൂഹമാധ്യമത്തിൽ കുറിച്ചു.

എന്നാൽ സമൂഹമാധ്യമ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. വധശിക്ഷ ശരിയായ നടപടിയല്ലെന്നും റദ്ദാക്കണമെന്നും ഒരു കൂട്ടം ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ചിലർ മെഹ്‌ദിയുടെ തീരുമാനങ്ങളെ അനുകൂലിച്ചും അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. വധശിക്ഷ മരവിപ്പിക്കുവാനുള്ള ഇടപെടലുകൾ ശക്തമായി പുരോഗമിക്കുന്നതിൻ്റെ ഇടയിലാണ് തലാലിൻ്റെ സഹോദരൻ അധികാരികൾക്ക് കത്തയക്കുന്നത്. ഇതിനു മുൻപും അധികാരികൾക്ക് മെഹ്‌ദി കത്തയച്ചതായി വിവിധ വൃത്തങ്ങൾ അറിയിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് മെഹ്‌ദിയുടെ ഈ കത്ത് എത്രമാത്രം തിരിച്ചടിയാകുമെന്നത് ആശങ്കാജനകമാണ്. മെഹ്‌ദിയ്ക്ക് ഈ കേസിൽ ഇനിയും നിയമ സാധ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.