ട്രംപിനെ തോല്‍പ്പിക്കാന്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്; വീണ്ടും ചര്‍ച്ചയാകുന്ന സ്വദേശി പ്രസ്ഥാനം

By: 600007 On: Aug 4, 2025, 3:02 PM

 

 

 

 

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് രാജ്യത്തെ വ്യാപാര മേഖലയില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പല വ്യവസായങ്ങള്‍ക്കും തൊഴിലുകള്‍ക്കും ഇത് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ഇന്ത്യ. 'സ്വദേശി' ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പുതിയ തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് യുഎസിന്റെ നീക്കം. കഴിഞ്ഞ ശനിയാഴ്ച വാരാണസിയില്‍ നടത്തിയ പ്രസംഗത്തില്‍, വ്യാപാരികളോട് കടകളില്‍ 'സ്വദേശി ഉത്പന്നങ്ങള്‍' മാത്രം വില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന് ചെയ്യുന്ന വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരക്കരാറിലെ തര്‍ക്കങ്ങള്‍

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, താരിഫ് പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ വിപണി വളരെ അടഞ്ഞതാണെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പുറമെ, ഇന്ത്യയുടെ ബ്രിക്‌സ് അംഗത്വവും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമടക്കമുള്ള കാര്യങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റഷ്യയുമായി ഇന്ത്യ തുടരുന്ന വ്യാപാര ബന്ധങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികളെ വകവെക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ എടുത്തുപറഞ്ഞു.