എയര്‍ കാനഡ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകളുടെ പണിമുടക്ക്: യാത്രാ പദ്ധതികളെ ബാധിക്കുമെന്ന ആശങ്കയില്‍ കനേഡിയന്‍ യാത്രക്കാര്‍ 

By: 600002 On: Aug 4, 2025, 12:54 PM

 


എയര്‍ കാനഡ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാര്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയുള്ള പണിമുടക്ക് തങ്ങളുടെ യാത്രാ പദ്ധതികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് അടുത്ത മാസത്തേക്ക് സീറ്റുകള്‍ ബുക്ക് ചെയ്ത കാനഡയിലെ യാത്രക്കാര്‍. ഫ്‌ളൈറ്റ് അറ്റന്‍ഡറ്റുകളെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ്(CUPE) ജൂലൈ 28 മുതല്‍ പണിമുടക്ക് വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 5 വരെ പണിമുടക്കുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കും. യൂണിയന്‍ ഭൂരിപക്ഷ വോട്ടിലൂടെ അംഗീകാരം നല്‍കിയാല്‍ ഓഗസ്റ്റ് 16 ന് പുലര്‍ച്ചെ 12:01 മുതല്‍ പണിമുടക്ക് ആരംഭിക്കാനാണ് നീക്കം. 

യൂണിയന്‍ 10,000 ത്തിലധികം എയര്‍ കാനഡ ഫ്‌ളൈറ്റ് അറ്റന്‍ഡന്റുകളെ പ്രതിനിധീകരിക്കുന്നു. അതായത് പണിമുടക്ക് നടന്നാല്‍ കനേഡിയന്‍ യാത്രക്കാര്‍ക്ക് അവരുടെ യാത്രാ പദ്ധതികളില്‍ തടസ്സം നേരിടും. എന്നാല്‍ ട്രാവല്‍ ഇന്‍ഷുറന്‍സുള്ള ഒരു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെങ്കില്‍ സാമ്പത്തിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. 

യാത്രക്കാര്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം, എയര്‍ പാസഞ്ചര്‍ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍(APPR) പ്രകാരം, എയര്‍ലൈന്‍ പണിമുടക്കിനിടെയുള്ള ഫ്‌ളൈറ്റ് റദ്ദാക്കലുകള്‍ കാരിയറിന്റെ നിയന്ത്രണത്തിന് പുറത്തായി കണക്കാക്കപ്പെടുന്നുവെന്നതാണ്. സാധരണയായി ഇത്തരം സാഹചര്യങ്ങളില്‍ വിമാനക്കമ്പനികള്‍ മറ്റൊരു വിമാനത്തില്‍ അത് ആ കമ്പനിയുടേതായാലും മറ്റൊരു കമ്പനിയുടേതായാലും, യാത്ര റദ്ദാക്കപ്പെട്ട യാത്രക്കാരെ സ്വയമേവ റീബുക്ക് ചെയ്ത് കയറ്റിവിടേണ്ടതാണെന്ന് Ratehub.ca യിലെ സീനിയര്‍ ബിസിനസ് ഡയറക്ടര്‍ നതാഷ മാക്മില്ലന്‍ പറയുന്നു.എയര്‍ലൈന്‍ കമ്പനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണം. 

യാത്രക്കാര്‍ക്കുള്ള മറ്റൊരു ഓപ്ഷന്‍ അവരുടെ ക്രെഡിറ്റ് കാര്‍ഡ് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്താണെന്നും എങ്ങനെയാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തുക എന്നതാണെന്ന് അവര്‍ പറയുന്നു. കാര്‍ഡിന്റെ തരം അനുസരിച്ച് തങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമോ എന്നറിയാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രൊവൈഡറുമായി ബന്ധപ്പെടുന്നത് ഉചിതമായിരിക്കുമെന്നും മക്മില്ലന്‍ പറഞ്ഞു.